ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് ഇന്ന് തൊണ്ണൂറ്റിരണ്ടാം പിറന്നാൾ. ആശംസ അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബിജെപിയുടെ മുൻ നിര നേതാക്കളെല്ലാം എൽകെ അദ്വാനിയുടെ വീട്ടിലേക്ക് എത്തി. അദ്വാനി പണ്ഡിതനും, രാഷ്ട്രതന്ത്രജ്ഞനും ,ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണ്. ബിജെപിക്ക് ഇപ്പോഴത്തെ കരുത്തും രൂപവും നൽകാൻ എൽകെ അദ്വാനി ഏറെ അധ്വാനിച്ചിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ചക്ക് പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ് എൽകെ അദ്വാനിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

ആഭ്യന്തരമന്ത്രി അമിത്ഷാ , ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റെ ജെപി നദ്ദ , വെങ്കയ്യ നായിഡു എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എൽകെ അദ്വാനിയുടെ വീട്ടിൽ പിറന്നാൾ ആശംസ നേരാനെത്തിയത്. 


1927 ന് കറാച്ചിയിലാണ് ലാൽ കൃഷ്ണ അദ്വാനി എന്ന എൽകെ അദ്വാനി ജനിച്ചത്. ബിജെപിയുടെ സ്ഥാപക അംഗവും ഏറ്റവും അധികം കാലം ബിജെപി പ്രസിഡന്‍റ് ആയ ആളുമാണ് എൽകെ അദ്വാനി.