ദില്ലി: മഹാരാഷ്ട്രയില്‍ എൻസിപി-ബിജെപി സഖ്യമാകാം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞിരുന്നതായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ. മകള്‍ സുപ്രിയ സുലയെ കേന്ദ്രമന്ത്രിയാക്കാമെന്ന നിർദ്ദേശവും ബിജെപി മുന്നോട്ടു വച്ചു. എന്നാല്‍ താനിത് നിഷേധിക്കുകയായിരുന്നുവെന്നും തയ്യാറല്ലെന്ന് മോദിയെ  അറിയിച്ചെന്നും ഒരു മറാത്തി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പവാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര പ്രതിസന്ധിക്കിടെ നടന്ന കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ നിർദ്ദേശം. എന്നാല്‍ അതേ സമയം  രാഷ്ട്രപതിയാക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചെന്ന വാദം പവാര്‍ നിഷേധിച്ചു. മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറിയത്. കടുത്ത സമ്മര്‍ദ്ദം ചെലുത്തി സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും മഹാരാഷ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ ബിജെപിക്ക് സാധിച്ചില്ല.

അതിനിടെ ശരദ് പവാറിനെയും മഹാവികാസ് അഖാഡിയേയും സമ്മര്‍ദ്ദത്തിലാക്കി അജിത് പവാറിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിക്ക് ഒപ്പം പോയി.എന്നാല്‍ പാര്‍ട്ടി പിളര്‍ത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ സ്ഥാനം രാജിവച്ചത് എന്‍സിപിയിലേക്ക് തിരിച്ചുവരികയും പിന്നീട് ത്രികക്ഷി സര്‍ക്കാറിന്‍റെ ഭാഗമാകുകയും  ചെയ്തു. അജിത് പവാര്‍ ബിജെപിക്കൊപ്പം പോയപ്പോഴും ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു  ശരത് പവാര്‍ . ബിജെപി തന്ത്രങ്ങള്‍ക്ക് വഴങ്ങാത്ത എന്‍സിപിയുടെ നിലപാടുകളാണ് സംസ്ഥാനത്ത് ത്രികക്ഷി സര്‍ക്കാറിന് വഴിയൊരുക്കിയത്.