ദില്ലി: കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉ​ദ്ഘാടനത്തിൽ പങ്കെടുത്തതിന് പിന്നാലെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പ്രത്യേക ദിവസം പഞ്ചാബിൽ ചെലവഴിച്ചു എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ഇൻസ്റ്റാ​ഗ്രാമിൽ മോദി ചിത്രം പങ്കുവച്ചിരിക്കുന്നത്.

'ഒരു പ്രത്യേക ദിവസം പഞ്ചാബിൽ ചെലവഴിച്ചു. ശ്രീ ഗുരു നാനാക് ദേവ് ജിയുടെ ആശയങ്ങൾ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ'-മോദി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നീല ജാക്കറ്റും ഒറഞ്ച് നിറത്തിലുള്ള തലപ്പാവുമാണ് ചിത്രങ്ങളിലെ മോദിയുടെ വേഷം. ഗുരു നാനാക്കിന്റെ ഛായചിത്രത്തിന് മുന്നിൽ മോദി നിൽക്കുന്ന ചിത്രമാണ് ഒന്ന്.  സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന് മുന്നിൽ വണങ്ങുന്നതാണ് മറ്റൊരു ചിത്രം.

കഴിഞ്ഞ ദിവസമായിരുന്നു പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം. ഇന്ത്യക്കാരുടെ വൈകാരികതയെ മാനിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് മോദി നന്ദി പറഞ്ഞിരുന്നു. സിഖ് മതക്കാർ പുണ്യകേന്ദ്രമായി വിശ്വസിക്കുന്ന ഇടമാണ് കര്‍താര്‍പുര്‍ ​ഗുരുദ്വാര. ഇടനാഴി തുറക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് അവിടേക്ക് അനായാസം എത്താൻ സാധിക്കും. 

കര്‍താര്‍പുര്‍ ഇടനാഴിയിലേക്കുള്ള പ്രവേശനം സാധ്യമാക്കാൻ പരിശ്രമിച്ച പഞ്ചാബ്  മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗിനെയും അകാലിദൾ നേതാവ് പ്രകാശ് സിം​ഗ് ബാദലിനെയും മോദി അഭിനന്ദിച്ചിരുന്നു. വർഷങ്ങളായി ഇവിടേയ്ക്കുള്ള പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു സിഖ് വിശ്വാസികൾ.