കൽപ്പറ്റ: കേരളത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ നിർബന്ധമായി മതം മാറ്റുന്നുവെന്ന പരാതി ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. എന്നാല്‍ കേരളത്തില്‍ ഇതുവരെ അത്തരം പരാതികളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ലഭിച്ച പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയർമാന്‍ അതേവേദിയില്‍ തുറന്നടിച്ചു. 

കല്‍പറ്റയില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിങ്ങിനിടയിലാണ് ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗങ്ങള്‍ തമ്മില്‍ ഈ വിഷയത്തിലെ ഭിന്നത പരസ്യമായി പുറത്തുവന്നത്. 

വയനാട്ടില്‍ ആദിവാസി വിഭാഗത്തിലെ കുട്ടികളെ നിർബന്ധിതമായി മതംമാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി 6 പരാതികളാണ് കല്‍പറ്റയില്‍ നടന്ന സിറ്റിങ്ങില്‍ ബാലാവകാശ കമ്മീഷന് മുന്നിലെത്തിയത്. ഇത് ഗൗരവത്തോടെ കാണുന്നുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷനംഗം ഡോ. ജി. ആനന്ദ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞത്.

കമ്മീഷന്‍ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കെട്ടിച്ചമച്ച പരാതികളാണ് ലഭിച്ചതെന്ന് തൊട്ടുപിന്നാലെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയർമാന്‍ പി സുരേഷ് പ്രതികരിച്ചു. കേരളത്തിൽ ഇതുവരെ ഇത്തരം പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

ജില്ലാ ആസൂത്രണ കമ്മീഷന്‍ ഹാളില് നടന്ന സിറ്റിങ്ങില്‍ ആകെ 162 പരാതികളാണ് ലഭിച്ചത്. ഇതില്‍ 109 എണ്ണം തീർപ്പാക്കി. രാജ്യത്തെ കുട്ടികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന്‍റെ ഭാഗമായി ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ ആറാമെത്തെ സിറ്റിങ്ങാണ് വയനാട്ടില്‍ നടന്നത്.