ദില്ലി: രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പൗരത്വ ബില്ലിനെതിരെയും ജമ്മു കശ്മീരിലെ പ്രശ്നങ്ങളും ഉയർത്തിക്കാട്ടി സിപിഎം നേതാക്കൾ. പൗരത്വ ബില്ലിനെ ശക്തമായി എതിർക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ നിശബ്ദതയെ സാധാരണ നിലയിൽ കാണാനാവില്ലെന്നായിരുന്നു തരിഗാമി പറഞ്ഞത്. ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ദേശീയ പൗരത്വ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. അതിനാൽ തന്നെ പൗരത്വ ബില്ലിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ശരിയല്ലെന്നും അത് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്ലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും ഭേദഗതി കൊണ്ടുവരുമെന്നും ബില്ലിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ 120 ദിവസമായി ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് സിപിഎമ്മിന്റെ ഇരുനേതാക്കളും കുറ്റപ്പെടുത്തി. ഇവിടെ ഇന്റർനെറ്റ് ഇനിയും പ്രവർത്തന ക്ഷമമായിട്ടില്ലെന്നും സാധാരണക്കാരുടെ ജീവിതം താറുമാറായിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ആപ്പിൾ കച്ചവടം പ്രതിസന്ധിയിലാണെന്നും ജനജീവിതം സാധാരണ നിലയിലാക്കാൻ എത്രയും വേഗത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ നിശ്ശബ്ദതയെ സാധാരണ നിലയിൽ കാണാനാവില്ലെന്ന് തരിഗാമി പറഞ്ഞു. 

ഇന്ന് ദില്ലിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.