ദില്ലി: ലോക്സഭയില്‍ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വന്ദേമാതരം വിളിയോടെയാണ് ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത്. ബില്ല് പാസാക്കിയതിന് പിന്നാലെ എംപിമാര്‍ അമിത് ഷായെ സീറ്റിലെത്തി അഭിനന്ദിച്ചു. 80 പേരാണ് ബില്ലിനെതിരായി വോട്ട് ചെയ്തത്. യുപിഎയും ഇടതുപക്ഷവും ബില്ലിനെതിരായി വോട്ടുചെയ്തു. 311 പേരുടെ വോട്ടോടെയാണ് ലോക്സഭ ബില്ല് പാസാക്കിയിരിക്കുന്നത്.  കടുത്ത ഭരണ - പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്ല് ലോക്സഭ പാസാക്കിയത്. കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു. 

ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നാണ് സൂചന. ബില്ല് പാസാകുന്ന സമയത്ത് സഭയിലില്ലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരത്വ നിയമ ഭേദഗതി ബിൽ പാസായതിൽ സന്തുഷ്ടനെന്ന് ട്വിറ്ററില്‍ പ്രതികരിച്ചു. 'ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബിൽ' .എന്നായിരുന്നു അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി കുറിച്ചത്. അതേസമയം ബില്ല് രാജ്യ താത്പര്യം ഉറപ്പാക്കുന്നതെന്ന് ശിവസേന പ്രതികരിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ്  വ്യക്തമാക്കി. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഐയുഡിഎഫും വ്യക്തമാക്കി.

പൗരത്വ ബില്ലിന്‍റെ പേരിൽ കലാപത്തിന് ശ്രമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് മറുപടിയായി പാര്‍ലമെന്‍റില്‍ പറഞ്ഞു. കള്ളപ്രചാരണം വിജയിക്കില്ലെന്നും ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് ചര്‍ച്ചയില്‍ മറുപടിയായി അമിത് ഷാ പറഞ്ഞത്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് 4 ശതമാനമായി. ഇതേസമയം ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനമായി. മുസ്ലിംങ്ങൾ 9 ശതമാനത്തിൽ നിന്ന് 14 ശതമാനമായി മാറി. ഇത് വ്യക്തമാക്കുന്നത് മതന്യൂനപക്ഷങ്ങളെ ഒരിക്കലും ഇന്ത്യ വേട്ടയാടിയിട്ടില്ലെന്നാണ്. റോഹിംഗ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നല്‍കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചു.

ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ല. ന്യൂനപക്ഷങ്ങൾക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരിൽ പ്രവേശിക്കാനും ഇനി ഇന്നർ ലൈൻ പെർമിറ്റ് (മുൻകൂർ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. അങ്ങനെ പ്രത്യേക അവകാശമുള്ള ഗിരിവർഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെർമിറ്റ് ആവശ്യമുള്ള നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളെയും ബില്ലിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ശ്രമം. 

പ്രതിപക്ഷം പ്രതിഷേധമുയർത്തിയെങ്കിലും ബില്ലവതരണത്തിന് അനുമതി ലഭിക്കുകയായിരുന്നു. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേർ ലോക്സഭയിൽ വോട്ട് ചെയ്തപ്പോൾ എതിർത്തത് 82 പേരാണ്. ബില്ലവതരണത്തെ കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിംലീഗും ഡിഎംകെയും എൻസിപിയും ബിഎസ്‍പിയും എതിർത്തു വോട്ട് ചെയ്തപ്പോള്‍  ശിവസേന അനുകൂലിച്ചു. ടിഡിപിയും ബിജു ജനതാദളും പിന്തുണച്ച് വോട്ട് ചെയ്തു. സമാന സ്ഥിതി തന്നെയായിരുന്നു ബില്ല് പാസാക്കുമ്പോഴും ഉണ്ടായിരുന്നത്.

അതേസമയം മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്കാനുള്ള ബില്ലിൽ വലിയ പ്രതിഷേധമാണ് ലോക്സഭയിൽ അലയടിച്ചത്. മതാടിസ്ഥാനത്തിൽ ജനങ്ങളെ തരംതിരിക്കുന്ന ബിൽ കോടതിയിൽ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. പൊട്ടിത്തെറിച്ചായിരുന്നു അമിത് ഷായുടെ മറുപടി. ''കോൺഗ്രസ് മതാടിസ്ഥാനത്തിലല്ലേ രാജ്യത്തെ വിഭജിച്ചത്? അങ്ങനെ വിഭജനം നടന്നില്ലായിരുന്നെങ്കിൽ ഇന്ന് പൗരത്വ ഭേദഗതി ബില്ല് തന്നെ വേണ്ടി വരുമായിരുന്നില്ല. കോൺഗ്രസാണ് ഈ രാജ്യത്തെ മതാടിസ്ഥാനത്തിൽ വെട്ടിമുറിച്ചത്. ഞങ്ങളല്ല'', അമിത് ഷാ സഭയിൽ പൊട്ടിത്തെറിച്ചു. 

എന്നാൽ കോൺഗ്രസിന്‍റെ മനീഷ് തിവാരി, മറുപടി പ്രസംഗത്തിൽ ഇതിന് തിരിച്ചടിച്ചു. ''ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം അവതരിപ്പിച്ചതാരാണ്? ഹിന്ദു മഹാസഭയല്ലേ?'', മനീഷ് തിവാരി ചോദിച്ചു. ഇന്ന് വീർ സവർക്കർ എന്ന് ആർഎസ്എസ്സും സംഘപരിവാറും വിളിക്കുന്ന സവർക്കറാണ് 1935-ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദുമഹാസഭാ സമ്മേളനത്തിൽ രാജ്യത്തെ രണ്ടായി വിഭജിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. അത്തരം പ്രചാരണമാണ് സംഘപരിവാർ പിന്നീട് ഈ രാജ്യത്ത് നടത്തിയതെന്നും മനീഷ് തിവാരി ആഞ്ഞടിച്ചു. ബില്ലിലൂടെ ശ്രമിക്കുന്നത് വര്‍ഗീയ സംഘര്‍ഷത്തിനാണെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം. പൗരത്വ ബിൽ പാസ്സാക്കുന്നത് മുഹമ്മദലി ജിന്നയുടെ ആശയങ്ങളുടെ വിജയമാകുമെന്ന് ശശിതരൂര്‍ പ്രതികരിച്ചു.