ദില്ലി: ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത് അനധികൃതമെന്നാണ് ഹര്‍ജിയില്‍ വിശദമാക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് എംപിമാരായ അക്ബര്‍ ലോണ്‍, ഹസ്നൈന്‍ മസൂദിയുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഒമര്‍ അബ്ദുള്ളയും മുന്‍ മുഖ്യമന്ത്രി മെഗബൂബ മുഫ്തിയുമുള്‍പ്പെടെ നിരവധി നേതാക്കള്‍ കരുതല്‍ തടങ്കലിലാണുള്ളത്. കശ്മീര്‍ പുനസംഘടനാ ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ആവശ്യപ്പെടുന്നു. ജമ്മുകശ്മീര്‍ നിയമസഭയുടെ അനുമതി കൂടാതെയാണ് പ്രത്യേകപദവി എടുത്ത് കളഞ്ഞതെന്നും ഹര്‍ജി വ്യക്തമാക്കുന്നു. 

പ്രസിഡന്‍റ് കേന്ദ്രകാബിനറ്റ് തീരുമാനങ്ങള്‍ അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. പ്രസിന്‍റിന്‍റെ അധികാരം ഉപയോഗിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.