എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. 

ദില്ലി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതുമെന്ന് സുപ്രീം കോടതി ചോദിച്ചു. നവീന്‍ ബാബുവിനെതിരായ പി.പി.ദിവ്യയുടെ പരാമർശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ പ്രതികരണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് മഞ്ജുഷ ഹർജിയിൽ ചൂണ്ടിക്കാണിച്ചത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.. മഞ്ജുഷയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സുനിൽ ഫെർണാണ്ടസും അഭിഭാഷകൻ എം.ആർ രമേശ് ബാബുവുമാണ് ഹാജരായത്.