മുഖ്യമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തിന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും സിദ്ദുവുമാണ് മത്സരം. പ്രവര്‍ത്തകര്‍ക്കിടയില്‍ ടെലി വോട്ടിങ് രീതിയിലൂടെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുകയെന്ന് സൂചനയുണ്ട്. 

ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് (Punjab Election) അടുത്തിരിക്കെ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിങ് സിദ്ദു (Navjot sidhu). പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലിയാണ് സിദ്ദു അതൃപ്തി പരസ്യമാക്കിയത്. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് അവരുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് സിദ്ദു തുറന്നടിച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) അറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിന്റെ അഭിപ്രായ പ്രകടനം. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിക്കെതിരെയും സിദ്ദു പരോക്ഷ വിമര്‍ശനമുന്നയിച്ചു. സത്യസന്ധനും മികച്ച ട്രാക്ക് റെക്കോര്‍ഡുമുള്ള ഒരാളെ പാര്‍ട്ടി തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദു പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തിന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും (Charanjith singh Channi) സിദ്ദുവുമാണ് മത്സരം. പ്രവര്‍ത്തകര്‍ക്കിടയില്‍ ടെലി വോട്ടിങ് രീതിയിലൂടെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുകയെന്ന് സൂചനയുണ്ട്. സാധാരണയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാറില്ല. എന്നാല്‍ പഞ്ചാബില്‍ നേതൃതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായ സമയത്തുതന്നെ പരസ്യയുദ്ധത്തിനിറങ്ങിയ നേതാവാണ് സിദ്ദു.

അമരീന്ദറിന്റെ രാജിക്ക് പിന്നാലെ ചരണ്‍ജിത് സിങ് ചന്നിയെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി കൊണ്ടുവന്നത്. ഈ തെരഞ്ഞെടുപ്പില്‍ തന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുകയെന്ന് സിദ്ദു പ്രതീക്ഷിച്ചെങ്കിലും ചന്നിയും മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായി രംഗത്തെത്തിയതോടെയാണ് സിദ്ദു വെട്ടിലായത്. ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി മത്സരിക്കുന്നത്. അതിന് പുറമെ ഉത്തരാഖണ്ഡില്‍ താര പ്രചാരകരില്‍ ചന്നിയെ പാര്‍ട്ടി നേതൃത്വം ഉള്‍പ്പെടുത്തുകയും ചെയ്തു.