Asianet News MalayalamAsianet News Malayalam

രാജിക്കത്ത് പിൻവലിച്ചു; പിസിസി അധ്യക്ഷനായി തുടരും, ആശങ്കകൾ‌ രാഹുലിനെ അറിയിച്ചെന്നും സിദ്ദു

പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും  ആശങ്കകൾ രാഹുൽഗാന്ധിയോട് പങ്കു വെച്ചതായും സിദ്ദു ദില്ലിയിൽ പറഞ്ഞു. സിദ്ദു ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയതായി പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും വ്യക്തമാക്കി.

navjot singh sidhu said he would continue as punjab pcc president and informed rahul gandhi  of his concerns
Author
Delhi, First Published Oct 15, 2021, 10:57 PM IST

ദില്ലി: രാജിക്കത്ത് പിൻവലിച്ചതായി പഞ്ചാബ്  (Punjab) പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു (Navjot Singh Sidhu) രാഹുൽഗാന്ധിയെ (Rahul Gandhi) അറിയിച്ചു. പിസിസി  അധ്യക്ഷനായി തുടരും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും  ആശങ്കകൾ രാഹുൽഗാന്ധിയോട് പങ്കു വെച്ചതായും സിദ്ദു ദില്ലിയിൽ പറഞ്ഞു. സിദ്ദു ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയതായി പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും വ്യക്തമാക്കി.

അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ലെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. നാളെ ചേരുന്ന പ്രവർത്തകസമിതി ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് ഉന്നതവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രധാന തീരുമാനങ്ങൾക്ക് കോർഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ യോഗത്തിൽ നിർദ്ദേശിക്കും.

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ്ണസമയ പ്രസിഡൻറ് വേണം എന്ന ആവശ്യം ഉയർത്താനാണ് വിമതഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തിൽ നിർദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ട. അടുത്ത മാസം അംഗത്വം പുതുക്കൽ തുടങ്ങി അടുത്ത വർഷം ഓഗസ്റ്റോടെ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്ചയിക്കാം എന്ന നിർദ്ദേശമാണ് നേതൃത്വത്തിനുള്ളത്. അതുവരെ സോണിയ ഗാന്ധി പ്രസിഡൻറായി തുടരട്ടെ എന്ന നിർദ്ദേശത്തെ വിമതരും എതിർക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നു. 

എന്നാൽ സംഘടന തെരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്ന് വിമതർ നിർദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങൾ കോർഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിൻറെ ആവശ്യം. ഗുലാംനബി ആസാദ് പി ചിദംബരം തുടങ്ങിയവർ കൂടി ഉൾപ്പെട്ട കോർഗ്രൂപ്പിൽ തീരുമാനങ്ങൾ വരണം എന്നാണ് നിർദ്ദേശം.  ഇത് ആരും തന്നിഷ്ടപ്രകാരം എടുക്കേണ്ട തീരുമാനം അല്ലെന്നും വിമതർ വാദിക്കുന്നു. എന്നാൽ സംസ്ഥാനഘടകങ്ങൾക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് നേതൃത്വത്തിൻറെ മറുവാദം. ഉത്തരാഖണ്ടിൽ മുതിർന്ന ബിജെപി നേതാവാണ് പാർട്ടിയിൽ വന്നത്. ഗുലാംനബി ആസാദ് പ്രവർത്തകസമിതി ആവശ്യപ്പെട്ട് കത്ത് നല്കിയപ്പോഴുള്ള സ്ഥിതി മാറിയതിൻറെ ആവേശത്തിലാണ് നേതൃത്വം. ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബിൽ സ്ഥിതി മാറിയതും പ്രവർത്തകസമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നല്കും. വിമതഗ്രൂപ്പ് കാര്യമായ എതിർപ്പുയർത്തിയാൽ തിരിച്ചടിക്കാനാണ് രാഹുലുമായി ചേർന്നു നില്ക്കുന്നവരും തയ്യാറെടുക്കുന്നത്.

 
 

Follow Us:
Download App:
  • android
  • ios