സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി ഹര്‍ഷദ ദിനാനാഥ് റേഡ്കര്‍ക്കെതിരെ 2008ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസാണ് നിലവിലെ ആരോപണത്തിന് പിന്നിലുള്ളത്. 

എന്‍സിബി (NCB ) ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരായ(Sameer Wankhede) ആരോപണം തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് (Nawab Malik ). ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ( Aryan Khan) അറസ്റ്റിലായതിന് പിന്നാലെയാണ് നവാബ് മാലിക് സമീര്‍ വാങ്കഡെയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായി എത്തിയത്. സമീര്‍ വാങ്കഡെയുടെ ഭാര്യയുടെ സഹോദരിയ്ക്ക് ലഹരിമരുന്ന് കേസുമായുള്ള ബന്ധമാണ് നവാബ് മാലിക്കിന്‍റെ പുതിയ ആരോപണത്തിന് പിന്നില്‍. സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി ഹര്‍ഷദ ദിനാനാഥ് റേഡ്കര്‍ക്കെതിരെ(Harshada Dinanath Redkar) 2008ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസാണ് നിലവിലെ ആരോപണത്തിന് പിന്നിലുള്ളത്.

ഈ കേസ് പൂനെ കോടതിയില്‍ പരിഗണനയിലിരിക്കുന്നതിനാല്‍ സമീര്‍ വാങ്കഡെ മറുപടി നല്‍കണമെന്നാണ് നവാബ് മാലിക് ആവശ്യപ്പെടുന്നത്. കേസിന്‍റെ വിവരങ്ങളും നവാബ് മാലിക് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണത്തിനും എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ മറുപടി നല്‍കുന്നുണ്ട്. 2008 ജനുവരിയിലാണ് കേസ് ഉണ്ടാവുന്നത്. ആ കാലഘട്ടത്തില്‍ താന്‍ സര്‍വ്വീസില്‍ പോലുമില്ലെന്നും സമീര്‍ വാങ്കഡെ പറയുന്നു. ഹര്‍ഷദ ദിനാനാഥ് റേഡ്കര്‍ക്കറുടെ സഹോദരി ക്രാന്തി റേഡ്കറെ 2017ലാണ് സമീര്‍ വാങ്കഡെ വിവാഹം ചെയ്യുന്നത്. അങ്ങനെയുള്ളപ്പോള്‍ തനിക്ക് ആ കേസുമായി എന്ത് ബന്ധമെന്നാണ് സമീര്‍ വാങ്കഡെ ചോദിക്കുന്നത്.

Scroll to load tweet…

അതേസമയം സമീര്‍ വാങ്കഡെയുടെ പിതാവ് നവാബ് മാലിക്കിനെതിരെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപകീർത്തിപ്പെടുത്തിയതിനാണ് സമീര്‍ വാങ്കഡെ( Wankhede family) കോടതിയെ സമീപിച്ചിട്ടുള്ളത്. വാങ്കഡെയുടേത് ആഢംബര ജീവിതമാണെന്നും ഷാരുഖിൽ നിന്ന് പണം തട്ടാനാണ് ആര്യനെ കുടുക്കിയതെന്നുമായിരുന്നും നവാബ് മാലിക്ക് നേരത്തെ ആരോപിച്ചിരുന്നു. ആര്യൻ കേസുമായി ബന്ധപ്പെട്ട് സാക്ഷിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സമീർ വാങ്കഡെ ആഭ്യന്തര അന്വേഷണം നേരിടുകയാണ്. ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമീർ വാങ്കഡെയെ വിജിലൻസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഈ ചോദ്യം ചെയ്യൽ.

Scroll to load tweet…

ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. ഇതിന് പിന്നാലെ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ മാറ്റിയിരുന്നു. ആര്യൻ ഖാൻ കേസ് അടക്കം എൻസിബി മുംബൈ സോണൽ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യൻ ഖാൻ ഉൾപ്പെട്ട കേസിന്‍റെ അന്വേഷണച്ചുമതല സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്.