Asianet News MalayalamAsianet News Malayalam

പുലരും വരെ അമിത് ഷായുടെ ചര്‍ച്ചകള്‍: പവാര്‍ കുടുംബത്തിലെ അധികാരപ്പോര് മുതലാക്കി ബിജെപി

ഇന്നിറങ്ങിയ എല്ലാ പത്രങ്ങളുടേയും മുന്‍പേജില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്തകളായിരുന്നു. ഈ വാര്‍ത്തകള്‍ ജനം വായിക്കും മുന്‍പേയാണ് ഫഡ്നാവിസും പവാറും അധികാരത്തിലേറിയത്. ഇന്ന് പുലര്‍ച്ചെ വരെ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ നീക്കം. 

NCP chief Sharad Pawar is part of discussions with BJP
Author
Mumbai, First Published Nov 23, 2019, 10:04 AM IST

മുംബൈ: ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി കൊണ്ടുള്ള ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രഖ്യാപനം പ്രതീക്ഷിച്ചാണ് ഈ ദിവസത്തിലേക്ക് മഹാരാഷ്ട്ര കടന്നത്. എന്നാല്‍ സകലരേയും ഞെട്ടിച്ചു കൊണ്ടാണ് ബിജെപി-എന്‍സിപി സര്‍ക്കാര്‍ രൂപീകരണമുണ്ടായത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് വേണ്ടിയുള്ള നീക്കങ്ങള്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്‍റെ നേതൃത്വത്തില്‍ ഒരു വശത്ത് നടക്കുന്നതിനിടെയാണ് മരുമകന്‍ അജിത്ത് പവാറിന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. 

എന്‍സിപി പിളര്‍ത്തി കൊണ്ട് അജിത്ത് പവാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നുവെന്നാണ് ആദ്യമണിക്കൂറുകളില്‍ വന്ന വാര്‍ത്തകളെങ്കിലും ശരത് പവാറിന്‍റെ കൈവിട്ട കളിയാണ് മുംബൈയില്‍ നടന്നത് എന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം തന്‍റെ അറിവോടെയല്ലെന്നും അജിത്ത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നും ഇപ്പോള്‍ ശരത് പവാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശരത് പവാര്‍ പറയുന്നത് സത്യമാണെങ്കില്‍ എന്‍സിപിയുടെ പിളര്‍പ്പിലേക്കാവും കാര്യങ്ങള്‍ നീങ്ങുക. അങ്ങനെയെങ്കില്‍ അതിന്‍റെ പ്രത്യാഘാതം കേരളത്തിലെ എല്‍ഡിഎഫില്‍ വരെയുണ്ടാകും. 

മഹാരാഷ്ട്രയില്‍ നിലവിലുണ്ടായ രാഷ്ട്രീയനീക്കങ്ങള്‍ എന്‍സിപിയിലെ അഭ്യന്തര കലാപത്തിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. സത്യത്തില്‍ ശരത് പവാറിന്‍റെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിന് അജിത്ത് പവാര്‍ കണ്ടെത്തിയ ഉത്തരമാണ് ഈ ചാട്ടം. പവാറിന്‍റെ പിന്‍ഗാമിയായി അനന്തരവനായ അജിത്തിനെയാണ് പൊതുവെ പറഞ്ഞു കേട്ടിരുന്നതെങ്കിലും പവാറിന്‍റെ മകള്‍ സുപ്രിയ സുലെ ദേശീയരാഷ്ട്രീയത്തില്‍  പ്രബലയായി മാറിയത് അജിത്തിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നുവെന്നാണ് സൂചന. പവാര്‍ കുടുംബത്തില്‍ നിലനിന്നിരുന്ന ഈ അധികാരവടംവലി തിരിച്ചറിഞ്ഞ് ബിജെപി കളിച്ചതോടെയൊണ് മഹാരാഷ്ട്രയുടെ തലവര മാറിയത്. 

മറാത്തയിലെ പ്രബല ശക്തിയായ എന്‍സിപി മറ്റൊരു മറാത്ത പാര്‍ട്ടിയായ ശിവസേനയുമായി സഖ്യം ചേര്‍ന്നിട്ട് പ്രത്യേകിച്ച് കാര്യമില്ല എന്ന നിലപാടാണ് ശരത് പവാറിന്‍റെ അനന്തരവനായ അജിത്ത് പവാര്‍ തുടക്കം തൊട്ടേ സ്വീകരിച്ചിരുന്നത്. എന്നാല്‍ എന്‍സിപി കോണ്‍ഗ്രസിനൊപ്പം തുടരണം എന്ന അഭിപ്രായമായിരുന്നു ശരത് പവാറിനും അദ്ദേഹത്തിന്‍റെ മകള്‍ സുപ്രിയ സുലെയ്ക്കും ഇതേ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയാണ് ബിജെപി മുതലെടുത്തത്. ശിവസേനയുമായി സംഖ്യ ചേരുന്നതില്‍ എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുള്ള അതൃപ്തിയും കളം മാറ്റി ചവിട്ടാന്‍ അജിത്ത് പവാറിന് പ്രൊത്സാഹനമായി മാറി.  

ഇന്ന് പുറത്തിറങ്ങിയ എല്ലാ പത്രങ്ങളുടേയും മുന്‍പേജില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്തകളായിരുന്നു. ഈ വാര്‍ത്ത ജനങ്ങള്‍ വായിക്കും മുന്‍പേയാണ് ഫഡ്നാവിസും പവാറും അധികാരത്തിലേറിയത്. ഇന്നലെ ജാര്‍ഖണ്ഡിലായിരുന്ന അഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയില്‍ തിരിച്ചെത്തിയതോടെയാണ് മഹാനാടകത്തിന്‍റെ തിരശീല ഉയരുന്നത് എന്നാണ് ദില്ലിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.  ഇന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ അമിത് ഷായുടെ വസതിയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മാരത്തണ്‍ ചര്‍ച്ചകള്‍ നടന്നു. ബിജെപി-എന്‍സിപി സഖ്യസര്‍ക്കാരിനുള്ള അടിത്തറയൊരുങ്ങിയത് അമിത് ഷായുടെ നേരിട്ടുള്ള ഈ ഇടപെടലിലൂടെയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണി വരെ ദേവേന്ദ്ര ഫ്ഡനാവിസ് ഫോണിലൂടെ അജിത്ത് പവാറുമായി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അജിത്ത് പവാറും ബിജെപിയും തമ്മില്‍ ധാരണയായതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ അ‍ഞ്ച് മണിയോടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവുമായി കേന്ദ്ര അഭ്യന്തരസെക്രട്ടറി രാഷ്ട്രപതി ഭവനിലെത്തി. ആറ് മണിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ ഉത്തരവില്‍ ഒപ്പിട്ടു. തൊട്ടുപിന്നാലെ രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതും രഹസ്യമാക്കി വച്ചു. ഇത്രയുമായപ്പോഴേക്കും മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിനുള്ള നീക്കങ്ങള്‍ ദ്രുതഗതിയിലായി. ദേവേന്ദ്ര ഫഡ്നാവിസും  അജിത്ത് പവാറും രാജ്ഭവനിലെത്തി. പിന്നാലെ രണ്ട് പേരുടേയും സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ഞൊടിയിടയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം മാത്രമാണ് തങ്ങള്‍ക്ക് പുതിയ മുഖ്യമന്ത്രിയായ വിവരം ജനങ്ങള്‍ അറിയുന്നത്. 

മഹാരാഷ്ട്രയുടെ എന്‍സിപിക്കും കോണ്‍ഗ്രസിനുമിടയില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായി കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ചില കോണുകളില്‍ നിന്നും വാര്‍‍ത്തകള്‍ വന്നിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ഇതിനിടെ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ടതും ഈ രീതിയിലുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി നല്‍കി. ഇതോടെയാണ് എത്രയും പെട്ടെന്ന് സര്‍ക്കാരുണ്ടാക്കാനായി കോണ്‍ഗ്രസ് ഇറങ്ങി പുറപ്പെട്ടത്. ഇതിനായി ബദ്ധവൈരിയായ ശിവസേനയുമായി സഖ്യമാകാം എന്ന നിലപാടിലേക്ക് വരെ സോണിയ ഗാന്ധിയും കോണ്‍ഗ്രസും എത്തി. 

ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പാര്‍ട്ടികളും ചേര്‍ത്ത് സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കുക എന്നതായിരുന്നു ഒടുവില്‍ കണ്ടെത്തിയ പദ്ധതി. തീവ്രഹിന്ദു-മറാത്ത ആശയങ്ങള്‍ പിന്തുടരുന്ന ശിവസേന ഉള്‍പ്പെടുന്ന സഖ്യത്തിന് മതേതര സഖ്യം എന്ന പേര് നല്‍കണമെന്ന് സോണിയ നിര്‍ദേശിച്ചിരുന്നു.  ഇതിനെ എതിര്‍ത്ത ശിവസേന ഒരു മഹാസംഖ്യമായി മുന്നോട്ട് പോകാം എന്ന നിലപാടാണ് സ്വീകരിച്ചത്. 

മന്ത്രിസ്ഥാനങ്ങള്‍ക്കൊപ്പം സ്പീക്കര്‍ സ്ഥാനം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ സ്ഥാനത്തെ ചൊല്ലി എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിരുന്നില്ല. ഇന്ന് 12 മണിക്ക് വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാം എന്ന ധാരണയിലാണ് മൂന്ന് കക്ഷികളും ഇന്നലെ പിരിഞ്ഞത്. ഉദ്ധവ് താക്കറെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് യോഗത്തിന് ശേഷം ശരത് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തിരുന്നു. സ്പീക്കര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ച് ഇന്നു തന്നെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കും എന്ന് കരുതിയ അവസ്ഥയിലാണ് പുതിയ ട്വിസ്റ്റ്.


ഇനിയെന്ത്...

എന്‍സിപി പിളര്‍ത്തിയാണ് അജിത്ത് പവാര്‍ പോയതെങ്കില്‍ എത്ര എംഎല്‍എമാര്‍ അദ്ദേഹത്തോട് ഒപ്പമുണ്ട് എന്നാണ് ആദ്യം അറിയേണ്ടത്. 35 എന്‍സിപി എംഎല്‍എമാരുടെ പിന്തുണ അജിത്ത് പവാറിനുണ്ട് എന്ന് ചില മറാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യം അജിത്ത് പവാറോ ശരത് പവാറോ ഇതുവരെ സ്ഥികരീച്ചിട്ടില്ല. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. ശിവസേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. 

കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. 

സ്വന്തമായുള്ള 105 സീറ്റുകൾക്ക് പുറമേ 20 സ്വതന്ത്രരുടെ പിന്തുണ കൂടിയുണ്ടെന്നാണ്  ബിജെപിയുടെ അവകാശ വാദം അങ്ങനെയാണെങ്കിൽ കൂടി കേവല ഭൂരിപക്ഷത്തിലേക്കെത്താൻ 20 സീറ്റുകൾ കൂടി വേണം. 

Follow Us:
Download App:
  • android
  • ios