മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ എന്‍സിപി കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍സിപി നേതാവ് ശരത് പവാറുമായുള്ള കൂടിക്കാഴ്‍ചയിലാണ് തീരുമാനം. സോണിയാ ഗാന്ധിയെ രാഷ്ട്രീയ സാഹചര്യം ധരിപ്പിച്ചുവെന്നും മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി കൂടിക്കാഴ്‍ച നടത്തിയതിന് പിന്നാലെ തീരുമാനം ഉണ്ടാകുമെന്നും ശരത് പവാര്‍ പറഞ്ഞു. എ കെ ആന്‍റണിയും കൂടിക്കാഴ്‍ചയില്‍ പങ്കെടുത്തിരുന്നു. അതേസമയം ശിവസേനയുമായി നടന്നത് സാധാരണ കൂടിക്കാഴ്‍ചകള്‍ മാത്രമെന്നും ശരത് പവാര്‍ വ്യക്തമാക്കി.

സേനയുമായി സഖ്യമുണ്ടാക്കുന്നതിന് വേണ്ട പൊതു മിനിമം പരിപാടിയുടെ കരട് മൂന്ന് പാർട്ടികളുടേയും സംസ്ഥാന നേതാക്കൾ ഒരുമിച്ചിരുന്ന് തയാറാക്കിയിരുന്നു. വൈകീട്ട് സോണിയാ ഗാന്ധിയുടെ വസതിയിൽ ചേര്‍ന്ന യോഗത്തിൽ പൊതുമിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതോടെ ശിവസേനയുമായി സഖ്യം രൂപീകരിക്കുമോയെന്ന കാര്യം അറിയാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.

അതേസമയം ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെ കൂടെക്കൂട്ടാന്‍ എന്‍ഡിഎയിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്‍ഡിഎയിലെ ഘടകക്ഷിയായ ആര്‍പിഐ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി രാംദാസ് അത്തെവാല ശിവസേനാ നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്‍ച നടത്തി. മൂന്ന് വർഷം ബിജെപിക്കും രണ്ട് വർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിച്ച് നൽകാമെന്ന നിർദ്ദേശമാണ് കേന്ദ്രമന്ത്രി രാംദാസ് അത്തെവാല മുന്നോട്ട് വച്ചിരിക്കുന്നത്. ബിജെപിക്ക് സമ്മതമാണെങ്കിൽ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ്‌ റാവത്ത് മറുപടി നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ ബിജെപിയുമായും വിഷയം ചർച്ച ചെയ്യുമെന്നും അത്തെവാല പറഞ്ഞു.