ദില്ലി: രാജ്യത്തെ കലാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും  കണക്ക് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. 2017ലെ റിപ്പോര്‍ട്ടാണ് ഒരു വര്‍ഷം വൈകി പ്രസിദ്ധീകരിച്ചത്. അതേസമയം,ആള്‍ക്കൂട്ട കൊലപാതകങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും മതവര്‍ഗീയ കൊലപാതകങ്ങളും ഇത്തവണ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിമര്‍ശനമുയര്‍ന്നു. സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മുന്‍ വര്‍ഷങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകവും മത വര്‍ഗീയ കലാപങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേകം ഇടം നേടിയിരുന്നെങ്കില്‍ ഇത്തവണ 'മറ്റുള്ളവ(others)' കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 2017ല്‍ രാജ്യത്ത് എത്ര ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായ കണക്കില്ല.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായി നടന്നതിനെ തുടര്‍ന്ന് 2015-16 കാലഘട്ടത്തിലാണ് ഇത് സംബന്ധിച്ച് പ്രത്യേക കണക്കെടുപ്പ് നടത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പ്രത്യേകമായി കണക്കെടുക്കുന്നത് ഗുണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മോഷണാം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പശുക്കടത്ത്, വര്‍ഗീയ പ്രശ്നങ്ങള്‍ എന്നിവ ആരോപിച്ചാണ് ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണം നടക്കുന്നത്. 

കലാപങ്ങളുടെ എണ്ണം കുറഞ്ഞു, പക്ഷേ തീവ്രത വര്‍ധിച്ചു

പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നടക്കുന്ന കലാപങ്ങളുടെ എണ്ണം കുറഞ്ഞു. അതേസമയം, കലാപങ്ങളുടെ തീവ്രത വര്‍ധിച്ചു. 2017ല്‍ രാജ്യത്ത് പ്രതിദിനം ശരാശരി 161 കലാപക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശരാശരി 247 പേര്‍ കലാപങ്ങള്‍ക്ക് ഇരയാകുന്നു. ഇരകളുടെ എണ്ണത്തില്‍ 2016നേക്കാള്‍ 22 ശതമാനം വര്‍ധനവുണ്ടായി. 

2017ല്‍ മൊത്തം 58,880 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കലാപത്തിന് ഇരയായവര്‍ 90,304പേര്‍. കഴിഞ്ഞ വര്‍ഷം 61,974 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇരകളുടെ എണ്ണം 73,744 ആയിരുന്നു. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ കലാപം നടന്നത്(11698). ഉത്തര്‍പ്രദേശ്(8990), മഹാരാഷ്ട്ര(7743) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. തമിഴ്നാട്ടിലാണ് കൂടുതല്‍ പേര്‍ കലാപങ്ങള്‍ക്ക് ഇരയായത്. 1935 കേസുകളില്‍ 18,749 പേര്‍ കലാപത്തിന് ഇരയായി.

പഞ്ചാബാണ് സമാധനം പുലരുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍. ഒറ്റ കലാപക്കേസ് മാത്രമാണ് പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തത്. മിസോറം(2), നാഗാലാന്‍ഡ്, മേഘാലയ(5) എന്നിവയാണ് പഞ്ചാബിന് പിന്നില്‍.

വര്‍ഗീയ കലാപങ്ങളുടെ എണ്ണവും 2017ല്‍ കുറഞ്ഞു. 2016ല്‍ 869 വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2017ല്‍ 723 വര്‍ഗീയ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരകളുടെ എണ്ണത്തിലും കുറവുണ്ടായി. ബിഹാറില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നത്(163). കര്‍ണാടകയും(92), ഒഡിഷയുമാണ്(91) തൊട്ടുപിന്നില്‍.