60 ദശലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൌജന്യമായി നല്‍കുന്നതായിരിക്കും. 

ദില്ലി: 12 കോടി ഡോസ് വാക്സിനടുത്ത് ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂണ്‍ മാസത്തില്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളുടെയും ഉത്പാദനം 75-80 ദശലക്ഷം എന്നതില്‍ നിന്നും 110-120 ദശലക്ഷം എന്ന നിലയിലേക്ക് ഉയര്‍ത്തിയതോടെയാണ് ഇത്.

ഇതില്‍ തന്നെ 60 ദശലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൌജന്യമായി നല്‍കുന്നതായിരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസിന് മുകളിലുള്ളവര്‍ എന്നിവരാണ് വാക്സിന് വേണ്ടിയുള്ള മുന്നണി പോരാളികളില്‍ പെടുന്നത്. ബാക്കിവരുന്ന 59 ദശലക്ഷം സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങുന്നതും, സ്വകാര്യ മേഖല വാങ്ങുന്നതുമാണ്.

'ജൂണ്‍ 2021ന് 120 ദശലക്ഷത്തിന് അടുത്ത് (119,570,000) ഡോസുകള്‍ ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയില്‍ വിതരണം നടത്തും, പകര്‍ച്ച വ്യാധി തടയാനുള്ള സര്‍ക്കാറിന്‍റെ നീക്കത്തിലെ ഏറ്റവും പ്രധാനമായ പദ്ധതിയാണ് വാക്സിനേഷന്‍. കേന്ദ്രം നേരിട്ട് നല്‍കുന്ന വാക്സിന്‍ പൂര്‍ണ്ണമായും സൌജന്യമാണ്' - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഞായറാഴ്ച ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഒരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും എത്ര വിഹിതം ഇപ്പോള്‍ പ്രഖ്യാപിച്ചതില്‍ നിന്ന് ലഭിക്കും എന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. മെയ് മാസത്തില്‍ ആകെ രാജ്യത്ത് ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി പ്രകാരം 7.9 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തത്.