Asianet News MalayalamAsianet News Malayalam

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയുടെ മുന്‍ മരുമകന്‍; കേരളത്തില്‍ വിവാഹത്തിനെത്തിയപ്പോള്‍ ആന ഓടിച്ചു!

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന, ഇപ്പോഴത്തെ ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്‍റെ മകള്‍ ഐശ്വര്യയുടെ വിവാഹത്തിനാണ് ബോറിസ് ജോണ്‍സണ്‍ 2003ല്‍ കേരളത്തില്‍ എത്തിയത്.

New British PM Boris Johnson has close connection with India
Author
New Delhi, First Published Jul 24, 2019, 10:22 AM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ മുന്‍ മരുമകന്‍. ബോറിസ് ജോണ്‍സന്‍റെ ഭാര്യയായിരുന്ന മറീന വീലര്‍ പാതി ഇന്ത്യക്കാരിയാണ്. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഖുശ്വന്ത് സിംഗിന്‍റെ അനന്തരവളാണ് മറീന വീലര്‍. 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബോറിസ് ജോണ്‍സണും മറീനയും വിവാഹ മോചിതരായത്. ദാമ്പത്യത്തില്‍ ഇവര്‍ക്ക് നാല് മക്കളുണ്ട്. ഖുശ്വന്ത് സിംഗിന്‍റെ ഇളയ സഹോദരന്‍ ദല്‍ജിത് സിംഗാണ് മറീനയുടെ അച്ഛന്‍. മറീനയുടെ അമ്മ ദിപ് വീലര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം വരെ ബോറിസും മെറീനയും കുട്ടികളും രത്തംഭോര്‍ ടൈഗര്‍ റിസര്‍വില്‍ എത്തിയിരുന്നു. ഖുശ്വന്ത് സിംഗിന്‍റെ മകന്‍ രാഹുല്‍ സിംഗിന്‍റെ ക്ഷണം സ്വീകരിച്ച് വീട്ടില്‍ സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്. നിരവധി തവണ ബോറിസ് ജോണ്‍സണും മറീനയും മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ട്. താന്‍ ഇന്ത്യയുടെ മരുമകനാണെന്ന് ബോറിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദാമ്പത്യത്തിനിടെ നിരവധി തവണയാണ് ബോറിസ് ഇന്ത്യയിലെത്തിയത്.

കേരളത്തില്‍ വിവാഹച്ചടങ്ങിനെത്തി, ആനയോടിച്ചു; അത് പത്രത്തിലുമെഴുതി

ഒരിക്കല്‍ ഒരു വിവാഹ ചടങ്ങിനായി കേരളത്തിലുമെത്തി. ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ ആനയിടഞ്ഞപ്പോള്‍ ബോറിസ് ഓടി രക്ഷപ്പെട്ടിട്ടുമുണ്ട്. 
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന, ഇപ്പോഴത്തെ ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്‍റെ മകള്‍ ഐശ്വര്യയുടെ വിവാഹത്തിനാണ് ബോറിസ് ജോണ്‍സണ്‍ 2003ല്‍ കേരളത്തില്‍ എത്തിയത്. മെറീനയുടെ ബന്ധുവായ കബീര്‍ സിംഗിനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. യുഎസില്‍ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.

കന്യാകുമാരിയിലെ തിരുവട്ടൂര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങിനിടെ ആനയിടഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. എല്ലാവരും ചിതറിയോടി. ബോറിസ് തിരക്കില്‍പ്പെട്ടെങ്കിലും പരിക്കൊന്നും പറ്റിയില്ല. വരന്‍റെ പിതാവ് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ബ്രിട്ടനില്‍ തിരിച്ചെത്തിയ ബോറിസ് സംഭവത്തെക്കുറിച്ച് പത്രത്തില്‍ എഴുതുകയും ചെയ്തു.

ഗോള്‍ഫ് ക്ലബിലായിരുന്നു റിസപ്ഷന്‍. വിവാഹത്തിനെത്തിയ ബോറിസ് ജോണ്‍സണ്‍ നാല് ദിവസം താമസിക്കുകയും ആലപ്പുഴയില്‍ വിനോദ സഞ്ചാരത്തിന് സമയം കണ്ടെത്തുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയാണ് ബോറിസ് ജോണ്‍സണ്‍ കേരളത്തിലെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.  

Follow Us:
Download App:
  • android
  • ios