ദില്ലി: രാജ്യത്ത് പുതിയ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല. ഇത് സംബന്ധിച്ച് വിവിധ മേഖലകളില്‍നിന്ന് അഭിപ്രായം തേടുകയാണ്. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്‍റ് കെട്ടിടം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്. എംപിമാരടക്കമുള്ള വിവിധയാളുകളില്‍നിന്ന് പുതിയ പാര്‍ലമെന്‍റ് കെട്ടിടം വേണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സാധ്യതകള്‍ പരിശോധിക്കുന്നത്.

നിലവിലെ പാര്‍ലമെന്‍റ് കെട്ടിടം ആധുനികവത്കരിക്കാനും ആലോചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തെക്കുറിച്ച് സംസാരിച്ചതായി സ്പീക്കര്‍ പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നിര്‍മാണം പൂര്‍ത്തിയാക്കാനായിരിക്കും ശ്രമം. 

1927ലാണ് നിലവിലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിച്ചത്. ബ്രിട്ടീഷ് ആര്‍കിടെക്ടുകളായ എഡ്വിന്‍ ലുടിയെന്‍സും ഹെര്‍ബെര്‍ട് ബെക്കര്‍ എന്നിവരാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. മധ്യപ്രദേശിലെ ചൗസത് യോഗിണി ക്ഷേത്ര മാതൃകയിലാണ് പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിച്ചത്. 1921ല്‍ ആരംഭിച്ച നിര്‍മാണം ആറ് വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയി, ഇന്ത്യന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും പാര്‍ലമെന്‍റ് കെട്ടിടം  നിലനിര്‍ത്തുകയായിരുന്നു.