വിവാദത്തെ തുടർന്ന് രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളിയാണ് രക്ഷിതാക്കളെ മാധ്യമങ്ങൾക്ക് മുന്നില്‍ ഹാജരാക്കിയത്. അതേസമയം തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും യുവതിയെ കണ്ടിട്ടില്ലെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു. 

ബെംഗളൂരു: കർണാടകത്തിലെ സിഡി വിവാദത്തില്‍ പുതിയ വഴിത്തിരിവ്. കോൺഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ തന്‍റെ മകളെ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഡികെ ശിവകുമാറിന്‍റെ വീട്ടില്‍ താമസിപ്പിച്ചിരുന്ന യുവതിയെ ഇപ്പോൾ ഗോവയിലേക്ക് കടത്തിയിരിക്കുകയാണെന്നും രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വിവാദത്തെ തുടർന്ന് രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളിയാണ് രക്ഷിതാക്കളെ മാധ്യമങ്ങൾക്ക് മുന്നില്‍ ഹാജരാക്കിയത്. അതേസമയം തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും യുവതിയെ കണ്ടിട്ടില്ലെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു.

യുവതി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വലിയ വെളിപ്പെടുത്തല്‍ നടത്തുമെന്ന് മന്ത്രിസ്ഥാനം രാജിവച്ച രമേശ് ജാർക്കിഹോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്നാണ് വൈകിട്ടോടെ യുവതിയുടെ രക്ഷിതാക്കളെ മാധ്യമങ്ങൾക്ക് മുന്നില്‍ അവതരിപ്പിച്ചത്. മകളെ ഉപയോഗിച്ച് ഡികെ ശിവകുമാറാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് യുവതിയുടെ രക്ഷിതാക്കൾ ആരോപിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും യുവതിയുടെ കുടുംബം ഡികെ ശിവകുമാറിനെതിരായ ആരോപണം ആവർത്തിച്ചു.

ഇതോടെ ഡികെ ശിവകുമാ‍ർ കർണാടക പിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ബിജെപി. കോൺഗ്രസ് ഇത്തരത്തിലുള്ള നാടകങ്ങൾ സംവിധാനം ചെയ്യുന്നതിനേക്കാൾ നല്ലത് ചായയും പക്കോടയും വില്‍ക്കുന്നതാണെന്ന് കർണാടക ബിജെപി ട്വിറ്ററില്‍ കുറിച്ചു. അതേസമയം കേസുമായി യാതൊരു ബന്ധവുമില്ലെന്നും യുവതിയെ കണ്ടിട്ടില്ലെന്നും ഡികെ ശിവകുമാ‍ർ പ്രതികരിച്ചു.