റോത്താംഗ്: പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ച് 72 മണിക്കൂറിനുള്ളില്‍ റോത്താംഗിലെ അടല്‍ തുരങ്കത്തില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. അമിത വേഗതയും സെൽഫിയെടുക്കാനുള്ള തിരക്കുമാണ് അടൽ തുരംഗത്തിലുണ്ടായ അപകടങ്ങളുടെ കാരണം. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉള്‍പ്പടെ കുതിച്ചുചാട്ടമുണ്ടാക്കുന്ന റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് ഒക്ടോബര്‍ മൂന്നിനാണ്. 

മൂന്ന് അപകടങ്ങളും സംഭവിച്ചത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ക്കും വിനോദസഞ്ചാരിക്കുമാണ്. അശ്രദ്ധമായി വാഹനമോടിച്ചവര്‍ക്കാണ് അപകടമുണ്ടായത്. ചിലര്‍ ടണലിലൂടെയുള്ള നിശ്ചിത വേഗപരിധിയായ 80 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ വാഹനമോടിക്കുകയും മറ്റുചിലര്‍ ടണലില്‍ നിര്‍ത്തി സെല്‍ഫി എടുക്കുകയും ചെയ്തതാണ് അപകടത്തിനിടയാക്കിയത്. 

ഒറ്റ ദിവസത്തിലാണ് മൂന്ന് അപകടവും നടന്നതെന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ചീഫ് എഞ്ചിനിയര്‍ ബ്രിഗേഡിയര്‍ കെ പി പുരുഷോത്തമന്‍ പറഞ്ഞു. ടണലില്‍ റോഡ് സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കണമെന്ന് ബിആര്‍ഒ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈവേ ടണല്‍ എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി ഇത് രാജ്യത്തിനായി ടണല്‍ തുറന്നുനല്‍കിയത്. 

3,086 കോടി രൂപ ചെലവഴിച്ചാണ് അടല്‍ തുരങ്കം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച രാജ്യത്തിന്റെ അഭിമാനപദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നേരിട്ട് നിര്‍വ്വഹിച്ചത്. ഇതിന് മുന്‍പ് ലഡാക്കിലെ സൈനികരെ സന്ദര്‍ശിക്കാനും, അയോദ്ധ്യ ഭൂമി പൂജ, പശ്ചിമബംഗാളിലെ ചുഴലിക്കാറ്റ് ബാധിതതമേഖലകള്‍ സന്ദര്‍ശിക്കാനുമാണ് മോദി കൊവിഡ് കാലത്ത് ദില്ലിക്ക് പുറത്തുപോയത്. 

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് പത്തു വര്‍ഷം കൊണ്ട് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയില്‍ യാത്ര നടത്താം. ഹിമാചലിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.
'