തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ എൻഐഎയ്ക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എൻഐഎയ്ക്ക് അനുമതി നൽകിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണക്കടത്ത് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. സിബിഐ അന്വേഷണത്തിന് ആവശ്യമായ തെളിവുകളോ സാഹചര്യമോ അല്ല ഈ സംഭവത്തിലുള്ളത്. അതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് അന്വേഷണാനുമതി നൽകിയത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏതു കേസിലും എൻഐഎയ്ക്ക് അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. സ്വർണം എവിടെ നിന്നെത്തിച്ചു, എന്തിനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം എൻഐഎ അന്വേഷിക്കും. 

ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണക്കടത്ത് ദേശീയശ്രദ്ധ നേടിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെട്ടിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎഇയുമായി കാര്യങ്ങൾ സംസാരിച്ചുവെന്ന സൂചനകളും പുറത്തു വന്നിരുന്നു.

കസ്റ്റംസ് ആക്ട് പ്രകാരം ഇപ്പോൾ നിലവിലുള്ള അന്വേഷണം തുടരും. ഇതിനു സമാന്തരമായി ആയിരിക്കും വിശാലമായ രീതിയിൽ എൻഐഎ അന്വേഷണം നടത്തുക. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെ തന്നെ എൻഐഎയ്ക്ക് അന്വേഷണം ഏറ്റെടുക്കാനാകും എന്നാണ് നിയമം.