ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ദേവീന്ദർ വിമാനത്താവളം വഴി ഭീകരരെ  കടത്താന്‍ ഒത്താശ ചെയ്തോ എന്നും അന്വേഷിക്കും.

ദില്ലി: ജമ്മുകശ്മീരില്‍ ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ എൻഐഎ സംഘം ഇന്ന് ശ്രീനഗറിലെത്തി ചോദ്യം ചെയ്യും. യുഎപിഎ വകുപ്പ് ചുമത്തിയ കേസിൽ ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ എൻഐഎ അന്വേഷിക്കും. നേരത്തേ ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി ദില്ലിയിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ദേവീന്ദർ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ ഒത്താശ ചെയ്തോ എന്നും അന്വേഷിക്കും.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസമാണ് ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീര്‍ പൊലീസ് ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്‍റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറിയത്. ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം. ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്നാണ് വിവരം.