ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബർ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് വാദം. ഒരു വർഷം മുൻപ് ദില്ലി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവൻ ഗുപ്ത ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അതിനിടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയാണ്. ആംആദ്മി സർക്കാർ പ്രതികളെ സഹായിക്കുന്നുവെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ആംആദ്മി സർക്കാർ പതിനായിരം രൂപ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും ഇയാളെ പുനരധിവസിപ്പിച്ചെന്നും സ്മൃതി ഇറാനി പറഞ്ഞു. 

കേസിൽ ഈ മാസം 22 ന് വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായി. പ്രതികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണം എന്ന് ദില്ലി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതി 4.30 ന് പരിഗണനക്കെടുക്കും. അതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച നിർഭയയുടെ മാതാവ് ആശ ദേവി ദില്ലി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കീർത്തി ആസാദ് ട്വീറ്റ് ചെയ്തു.