ദില്ലി: നിര്‍ഭയ വധക്കേസ് പ്രതികളുടെ വധശിക്ഷ ഇനിയും നീളും. മരണവാറന്‍റ് നല്‍കുന്നത് സംബന്ധിച്ച് ദില്ലി സര്‍ക്കാര്‍ നല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതോടെയാണ് ശിക്ഷ നടപ്പാക്കല്‍ നീളുക. വധിശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പുതിയ നോട്ടീസ് നല്‍കാന്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചത്.

പ്രതികളിലൊരാളുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് ലഭിക്കണമെന്നും സെഷന്‍സ് കോടതി ജഡ്ജി വ്യക്തമാക്കി. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് പ്രതികളുടെ പ്രതികരണം തേടാനും കോടതി തിഹാര്‍ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു.മരണവാറന്‍റ് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിയതില്‍ നിരാശയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

നിര്‍ഭയയുടെ അമ്മ

''കോടതി തീരുമാനത്തില്‍ അതിയായ സങ്കടമുണ്ട്. കുറ്റവാളികള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നു. എന്തിന് അവരുടെ അവകാശങ്ങള്‍ പരിഗണിക്കണം. ഞങ്ങള്‍ക്ക് അവകാശങ്ങളില്ലേ..ഏഴ് വര്‍ഷമായി നിയമപോരാട്ടം നടത്തുന്നു. ഞങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. അടുത്ത ഹിയറിങ്ങിലും അന്തിമ വിധി വരുമെന്ന് പ്രതീക്ഷയില്ല.''-നിര്‍ഭയയുടെ അമ്മ പറഞ്ഞു. നിങ്ങളുടെ സങ്കടം മനസ്സിലാകുന്നുവെന്നും എന്നാല്‍ നിയമത്തിന്‍റെ എല്ലാ വഴിയും പാലിക്കണമെന്നും കോടതി മറുപടി നല്‍കി. 

2012 ഡിസംബര്‍ 16 രാത്രിയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിച്ചു. കേസിലെ പ്രതികളായ രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതി ജുവനൈല്‍ ഹോമിലെ മൂന്ന് വര്‍ഷത്തെ ശിക്ഷക്ക് ശേഷം പുറത്തിറങ്ങി. ഒന്നാം പ്രതിയായ രാംസിംഗ് ജയിലില്‍ ജീവനൊടുക്കി.