നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട്. എന്‍റെ മകനോട് പൊറുക്കണമെന്നും അവന്‍റെ ജീവനുവേണ്ടി യാചിക്കുകയാണെന്നും മുകേഷ് സിങ്ങിന്‍റെ അമ്മ പറഞ്ഞു.

ദില്ലി: നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷയ്ക്ക് കളമൊരുക്കി മരണ വാറണ്ട് ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി മുറിയില്‍ ഏറെ വൈകാരികവും നാടകീയവുമായ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവന് വേണ്ടി യാചിച്ചു. 

നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട്. എന്‍റെ മകനോട് പൊറുക്കണമെന്നും അവന്‍റെ ജീവനുവേണ്ടി യാചിക്കുകയാണെന്നും മുകേഷ് സിങ്ങിന്‍റെ അമ്മ പറഞ്ഞു. എന്നാല്‍ നിര്‍ഭയയുടെ അമ്മയുടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലായിരുന്നു. എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത് അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും. 

Read Also; 'ഇതൊരു പാഠം, ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹം നിറവേറി': നിർഭയ കേസിൽ അരവിന്ദ് കെജ്രിവാൾ

ഏഴ് വര്‍ഷമായി ഞാന്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്-നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഇതോടെ കോടതി മുറിയില്‍ നിശബ്ദ പാലിക്കണമെന്ന് ജഡ്ജ് നിര്‍ദ്ദേശിച്ചു. കോടതി മുറിയില്‍ സ്വീകരിച്ച സമാന നിലപാട് തന്നെയാണ് നിര്‍ഭയയുടെ അമ്മ കോടതിക്ക് പുറത്ത് വച്ച് പ്രതികരിച്ചത്. തന്‍റെ മകള്‍ക്ക് നീതി ലഭിച്ചുവെന്നും ജനുവരി 22 തന്റെ ജീവിതത്തിലെ സുപ്രധാന ദിനമാണെന്നും നിര്‍ഭയയുടെ അമ്മ പ്രതികരിച്ചിരുന്നു. 

നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ശിക്ഷയാണ് ഈ മാസം 22ന് നടപ്പിലാക്കുക. ഒന്നാം പ്രതിയായിരുന്ന രാം സിംഗ് 2013 മാര്‍ച്ച് 11ന് ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് 2015ല്‍ പുറത്തിറങ്ങി.