Asianet News MalayalamAsianet News Malayalam

നിര്‍ഭയ: വധശിക്ഷ നീട്ടിയ ഉത്തരവിനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ഹർജി പരിഗണിക്കുക. നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികൾക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു മരണവാറന്‍റ് സ്റ്റേ ചെയ്തത്.

Nirbhaya: court consider pleag against death warrant extension
Author
New Delhi, First Published Feb 2, 2020, 6:36 AM IST

ദില്ലി: നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെയുള്ള ഹർജി ദില്ലി ഹൈക്കോടതി ഞായറാഴ്ച പരിഗണിക്കും. നിയമം ദുരുപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നല്‍കിയ ഹർജിയാണ് പരിഗണിക്കുന്നത്. ഹർജിയിൽ തിഹാർ ജയില്‍ അധികൃതർക്കും കുറ്റവാളികൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ഹർജി പരിഗണിക്കുക.

നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികൾക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു വെള്ളിയാഴ്ച്ച പട്യാല കോടതി പ്രതികളുടെ മരണവാറന്‍റ് സ്റ്റേ ചെയ്തത്. ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പുകള്‍ ജയില്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ.

അതിനിടെ നിര്‍ഭയ കേസിലെ മൂന്നാമത്തെ കുറ്റവാളി രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി. അക്ഷയ് ഠാക്കൂറാണ് ദയാഹര്‍ജി നല്‍കിയത്. വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. നേരത്തെ മുകേഷ് സിങ്ങും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരമായ ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

Follow Us:
Download App:
  • android
  • ios