ഹൈദരാബാദിൽ യുവ ഡോക്ടർ ദാരുണമായി കൊല്ലപ്പെട്ട കേസിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു
ദില്ലി: ഹൈദരാബാദിൽ യുവ ഡോക്ടർ ദാരുണമായി കൊല്ലപ്പെട്ട കേസിൽ നീതി ലഭിക്കാന്‍ ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് രാജ്യത്തെ കണ്ണീരിലാഴ്ത്തിയ നിര്‍ഭയയുടെ അമ്മ. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍ഭയയുടെ അമ്മ ആശ ദേവി വിഷയത്തില്‍ പ്രതികരിച്ചത്. 'പ്രാകൃതം' എന്നാണ് ക്രൂരമായ കൊലപാതകത്തെ ആശ ദേവി വിശേഷിപ്പിച്ചത്.
മറ്റൊരു യുവതി, അതും ഇരുപതുകളില്‍ മാത്രം പ്രായമുള്ളവള്‍ ... അവള്‍ക്ക് അതിവേഗം നീതി ലഭിക്കണം. ഞങ്ങള്‍ക്ക് സംഭവിച്ച പോലെ ഏഴ് വര്‍ഷം നീതിക്കായി പൊരുതേണ്ടി വരരുതെന്ന് ആശാ ദേവി പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി എതിര്‍ത്ത ദില്ലി സര്‍ക്കാരിന്‍റെ തീരുമാനത്തെ ആശ ദേവി സ്വാഗതം ചെയ്തു.
അതേസമയം, ഹൈദരാബാദിൽ യുവ ഡോക്ടർ ദാരുണമായി കൊല്ലപ്പെട്ട കേസിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെ ടി രാമറാവു ആവശ്യപ്പെട്ടു. അതേസമയം, കുറ്റക്കാരൻ ആണെങ്കിൽ തന്റെ മകനെയും തീ കൊളുത്തണമെന്നു പ്രതിയായ ചെന്നകേശവലുവിന്റെ അമ്മ പറഞ്ഞു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
