ദില്ലി: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണരംഗത്തടക്കം പ്രതിഷേധമുയരുമ്പോള്‍ നാലാം വട്ടവും മുഖ്യമന്ത്രിക്കസേരയിലിരിക്കാമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാര്‍. സഖ്യകക്ഷികള്‍ വിട്ടുപോയെങ്കിലും ജനവിധി അനുകൂലമെന്ന ആത്മവിശ്വാസത്തിലാണ് തേജസ്വി യാദവ്. നിതീഷ് കുമാറിനോടിടഞ്ഞ ചിരാഗ് പാസ്വാന്‍ പിടിക്കുന്ന വോട്ടുകളും ഇക്കുറി ഏറെ നിര്‍ണ്ണായകമാകും. 

നിതീഷ് കുമാര്‍ തുടരുമോ? തേജസ്വി ചരിത്രം തിരുത്തുമോ? അതോ ചിരാഗ് അത്ഭുതമുണ്ടാക്കുമോയെന്നാണ് 71 സീറ്റുകളിലേക്കുള്ള ആദ്യഘട്ട പരസ്യപ്രചരാണം അവസാനിക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കേ ഉയരുന്ന ചോദ്യങ്ങൾ. പതിനഞ്ച് വര്‍ഷത്തെ ഭരണത്തിന്‍റെ മികവ് അവകാശപ്പെട്ട് കളത്തിലിറങ്ങിയ നിതീഷിന് ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കുടിയേറ്റ തൊഴിലാളികളോട് കണ്ണടച്ചത്, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളിലടക്കമുള്ള  ഭരണവിരുദ്ധ വികാരം  പ്രചാരണരംഗത്ത് തന്നെ പ്രതിഫലിക്കുന്നു. 

ദളിത് പിന്നാക്ക വിഭാഗങ്ങളെ പിന്തുണക്കുന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും, രാഷ്ട്രീയ ലോക്സമത പാര്‍ട്ടിയുടെ ഒരു വിഭാഗവും ഒപ്പമുണ്ടെങ്കിലും ഹാഥ്റസ് അടക്കമുള്ള സംഭവങ്ങള്‍ ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ പഴയ വോട്ടുകള്‍ നിലനിര്‍ത്താനാകുമോയെന്നതാണ് ചോദ്യം.  സഖ്യം വിട്ട ചിരാഗ് പാസ്വാനുയര്‍ത്തുന്ന വെല്ലുവിളിയും കാണാതെ പോകാനാവില്ല. സഖ്യകക്ഷിയായ ബിജെപിയോട് ചിരാഗുമായി കേന്ദ്രത്തിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജെഡിയു ആവശ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്.

ലാലുപ്രസാദ് യാദവ് ജയിലിലാണെങ്കിലും ലാലു പ്രഭാവം ഉയര്‍ത്തിയല്ല മഹാസഖ്യം വോട്ട് തേടുന്നതെന്നതും  ശ്രദ്ധേയം. ലാലുപ്രസാദ് യാദവിന്‍റെയും, റാബ്രിദേവിയുടെയും ചിത്രം ഒഴിവാക്കി തേജസ്വി തന്നെ ഫ്ലക്സുകളില്‍ നിറയുമ്പോള്‍ ആര്‍ജെഡി മുന്‍പില്ലാത്ത ആത്മവിശ്വാസത്തിലാണ്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും, രാഷ്ട്രീയ ലോക്സമത പാര്‍ട്ടിയും സഖ്യം വിട്ടത് തിരിച്ചടിയായി. എന്നാല്‍  സിപിഐഎംഎല്‍ അടക്കമുള്ള ഇടത് പാർട്ടികളുടെ സാന്നിധ്യം ദളിത് പിന്നാക്ക മേഖലകളില്‍ ഗുണം ചെയ്തേക്കുമെന്നാണ് പ്രതീക്ഷ. തേജസ്വിയുടെ റാലികളിലെ ആള്‍ക്കൂട്ടം മാഹസഖ്യത്തിന് വോട്ടാകുമോയെന്നാണ് കണ്ടറിയേണ്ടത്.