രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബീഹാർ മുഖ്യമന്ത്രി കസേരയിലെ ഭരണത്തിന് വിരാമമിട്ട് നിതീഷ് കുമാർ പടിയിറങ്ങുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നാളെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. നിതീഷിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നും സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപിക്ക് മുഖ്യമന്ത്രി പദം ലഭിക്കുമെന്നും ധാരണയായിട്ടുണ്ട്

പട്ന: രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബീഹാർ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ച നിതീഷ് കുമാർ യുഗം അവസാനിക്കുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം നാളെ മുഖ്യമന്ത്രി സ്ഥാനവും നിയമസഭാ കൗൺസിൽ അംഗത്വവും രാജിവെക്കും. ഇക്കഴിഞ്ഞ മാർച്ച് 16 നാണ് നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താം തവണ മുഖ്യമന്ത്രി കസേരയിലെത്തി വെറും നാല് മാസത്തിന് ശേഷമാണ് പടിയിറക്കം. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടത്തിനാണ് വിരാമമാകുന്നത്. നിതിഷ് നാളെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജെ ഡി യു നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. നിതീഷിന്‍റെ പകരക്കാരനായി ജെ ഡി യുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെ ഡി യുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും.

Add Asianetnews as a Preferred SourcegooglePreferred

നിതിഷ് കുമാർ യുഗത്തിന് പൂർണ വിരാമം

ബിഹാറില്‍ നിതീഷ് കുമാര്‍ യുഗത്തിന് പൂർണ വിരാമമാകുകയാണ്. മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോൾ തന്നെ നിതീഷിന്‍റെ പടിയിറക്കം ഉറപ്പായിരുന്നു. പത്താമൂഴത്തില്‍ മുഖ്യമന്ത്രി കസേരയില്‍ വെറും 4 മാസത്തോളം മാത്രം ചെലവഴിച്ച ശേഷമാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാര്‍ രാഷ്ട്രീയത്തെയും, ദേശീയ രാഷ്ട്രീയത്തേയും കൈപ്പിടിയിലൊതിക്കിയിരുന്ന രാഷ്ട്രീയ അതികായന് ഉചിതമല്ലാത്ത പടിയിറക്കമെന്ന വിമർശനം ജെ ഡി യു പ്രവർത്തകർ ആദ്യം മുതലേ ഉയർത്തിയിരുന്നു. വെനിസ്വലന്‍ പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ അമേരിക്ക തട്ടിക്കൊണ്ടു പോയതിന് സമാനമാണ് നിതീഷിനെ ബി ജെ പി റാഞ്ചിയതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പരിഹാസം. ആരോഗ്യ പ്രശ്നങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതിഷിനെ പുറത്തേക്കുള്ള വഴിയിലെത്തിച്ചതെന്നാണ് വ്യക്തമാകുന്ന മറ്റൊരു കാര്യം. മാനസിക നിലയില്‍ തന്നെ സംശയങ്ങളുണര്‍ത്തുന്ന പെരുമാറ്റം ഈ ഊഴത്തിലെ പൊതു ചടങ്ങുകളില്‍ മുഖ്യമന്ത്രിയില്‍ നിന്ന് നിരന്തരം ഉണ്ടായിയിരുന്നു. ഭരണത്തില്‍ ശ്രദ്ധയില്ലാതെ എല്ലാം ഉദ്യോഗസ്ഥരെ ഏല്‍പിച്ചതോടെ ബി ജെ പി കടുത്ത അതൃപ്തിയിലായി. ഒരവസരത്തിന് കാത്തിരുന്ന ബി ജെ പി ഇതോടെ ബിഹാറിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സംസ്ഥാന ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി കസേരയിൽ ബി ജെ പിക്ക് ഇടവും ലഭിച്ചു. നിതീഷിന്‍റെ മുഖ്യമന്ത്രി പദത്തിന് പകരം നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും, ജെ ഡി യുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും കിട്ടും. കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി എൻ ഡി എ വൻ വിജയമാണ് നേടിയത്. ജെ ഡി യു 85 ഉം, ബി ജെ പി 89 ഉം സീറ്റാണ് നേടിയത്.