Asianet News MalayalamAsianet News Malayalam

എംബസിയുടെ സഹായം എത്തിയില്ല, മ്യാൻമറിൽ തടങ്കലിലാക്കപ്പെട്ടവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുന്നു

ലാവോസ് അടക്കമുള്ള അയൽ രാജ്യങ്ങളിലേക്ക് മാറ്റുന്നതായാണ് ആയുധധാരികൾ പറഞ്ഞതെന്ന് തടങ്കലിലുള്ള മലയാളികൾ

No help from Embassy, Those detained in Myanmar Transferred to secret center
Author
First Published Sep 26, 2022, 5:19 PM IST

മുംബൈ: തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ തടങ്കലിലാക്കപ്പെട്ട ഇന്ത്യക്കാരെ മാഫിയാ സംഘം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുന്നു. മലയാളികൾ അടക്കമുള്ളവരെ ട്രക്കുകളിൽ കയറ്റിയാണ് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ലാവോസ് അടക്കമുള്ള അയൽ രാജ്യങ്ങളിലേക്ക് മാറ്റുന്നതായാണ് ആയുധധാരികൾ പറഞ്ഞതെന്ന് തടങ്കലിലുള്ള മലയാളികൾ പറഞ്ഞു. 

മ്യാൻമറിൽ തടങ്കലിലായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നതിന്  പിന്നാലെയാണ് മാഫിയാ സംഘത്തിന്റെ അടുത്ത നീക്കം. വെള്ളിയാഴ്ച മുതലാണ്  ഇന്ത്യക്കാർ അടക്കമുള്ളവരെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങിയത്. ട്രക്കുകളിൽ കയറ്റി ആയുധധാരികളുടെ അടമ്പടിയോടെയാണ് യാത്ര. രണ്ട് ദിവസത്തിനിടെ നിരവധി പേരെ ഇത്തരത്തിൽ മാറ്റിയെന്ന് തടങ്കലിലുള്ള മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലാവോസും കംബോഡിയയും അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതായാണ് സ്ഥിരീകരിക്കാത്ത വിവരം. കഴിഞ്ഞ ഒന്നരമാസമായി മ്യാൻമറിലെ മെയ്വാഡി എന്ന സ്ഥലത്ത് തടങ്കലിലാണ് ഇന്ത്യക്കാരടക്കമുള്ളവർ. 

ഡാറ്റാ എൻട്രി ജോലിക്കെന്ന് പറഞ്ഞ് തായ‍്‍ലന്റിൽ എത്തിച്ച ശേഷം തട്ടിപ്പ് സംഘം ഇവരെ ബലം പ്രയോഗിച്ച് മ്യാൻമറിലേക്ക് കടത്തുകയായിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ നടത്താനാണ് ഇരകളെ മാഫിയാ സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്നൂറോളം ഇന്ത്യക്കാരിൽ 30 പേർ മലയാളികളാണ്. ഏഷ്യാനെറ്റ് ന്യൂസ് അടക്കം മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യൻ എംബസി തടങ്കലിലുള്ളവരുമായി ഫോണിൽ  ബന്ധപ്പെട്ട് പേര് വിവരങ്ങളും പാസ്പോർട്ടിന്‍റെ പകർപ്പും ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടി മാഫിയാ സംഘം തുടങ്ങിയത്. 

 

Follow Us:
Download App:
  • android
  • ios