പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയ മന്ത്രിയെ തിലകം ചാര്‍ത്തിയാണ് ബന്ധുക്കള്‍ വരവേറ്റത്. മിശ്രയോ കുടുംബമോ സ്വീകരിക്കാന്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരോ മാസ്ക് ധരിച്ചിരുന്നില്ല.
ഭോപ്പാല്‍: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മന്ത്രിയായതിന് ശേഷം നാട്ടിലേക്കുള്ള ആദ്യ സന്ദര്‍ശനം ആഘോഷമാക്കി മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോട്ടം മിശ്ര. കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ ഈ ആഴ്ചയാണ് അദ്ദേഹം ആരോഗ്യമന്ത്രിയായി ചാര്‍ജെടുത്തത്. മന്ത്രിയെ സ്വീകരിക്കാനെത്തിയ ബന്ധുക്കളോ പ്രവര്‍ത്തകരോ ആരുംതന്നെ മാസ്ക് ധരിച്ചിരുന്നില്ല.
പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയ മന്ത്രിയെ തിലകം ചാര്‍ത്തിയാണ് ബന്ധുക്കള്‍ വരവേറ്റത്. മിശ്രയോ കുടുംബമോ മാസ്ക് ധരിച്ചിരുന്നില്ല. കൊവിഡ് 19 ബാധിക്കുന്നത് തടയാന്‍ കേന്ദ്രം മാസ്ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ ലംഘനം. മന്ത്രിക്കൊപ്പമെത്തിയ സംഘവും മാസ്ക് ധരിച്ചിരുന്നില്ല. അദ്ദേഹത്തെ കുടുംബം സ്വീകരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 145 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. മധ്യപ്രഗദേശില്‍ ഇതുവരെ 2090 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയോടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 100 കടന്നു. എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ മാസം ആദ്യം ഉത്തരവിറക്കിയിരുന്നു. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപി സ്വീകരിക്കുമെന്ന് പൊതു ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 28000-ത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1396 പുതിയ കൊവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 48 മരണങ്ങളും സംഭവിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തു വിട്ട കണക്കുകൾ അനസുരിച്ച് രാജ്യത്താകെ 27892 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
