ഗൊരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ വന്‍ തിരിച്ചു വരവ് നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമായി പോയ പാര്‍ട്ടി 2022ല്‍ പുത്തന്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതിനിടെ പുറത്ത് വരുന്ന വാര്‍ത്ത കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്ക് അധികം സന്തോഷം പകരുന്നതല്ല.

ഉത്തര്‍പ്രദേശിലെ തന്നെ ഏറ്റവും വലിയ ജില്ലകളിലൊന്നായ ഗൊരഖ്പൂരില്‍ സ്വന്തമായി കോണ്‍ഗ്രസിന് ഇപ്പോള്‍ ഓഫീസ് പോലുമില്ല. വാട്സ് ആപ്പിലൂടെയാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയെ വിവരമറിയിച്ചിട്ടും ഒരു ഫലവുമുണ്ടായില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

എന്നാല്‍, പുതിയ ഓഫീസ് ഉടന്‍ തുറക്കുമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നിര്‍മല പാസ്വാന്‍ പറഞ്ഞു. 2017വരെ പുര്‍ദില്‍പൂര്‍ എന്ന സ്ഥലത്ത് കോണ്‍ഗ്രസിന് ഓഫീസുണ്ടായിരുന്നതായി മുതിര്‍ന്ന നേതാവ് സയ്യദ് ജമാല്‍ പറഞ്ഞു. ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ ഈ കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. വാട്സ് ആപ്പിലൂടെയാണ് ചര്‍ച്ചകളും പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമെല്ലാം നടക്കുന്നത്. യോഗങ്ങള്‍ ആവശ്യമുള്ളപ്പോള്‍ കല്യാണ ഹാളുകളിലാണ് നടത്താറുള്ളതെന്നും നേതാക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗൊരഖ്പൂര്‍ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. എട്ടിലും ബിജെപിയാണ് വിജയം നേടിയത്. ഒരിടത്ത് ബിഎസ്പിയും. ഗൊരഖ്പൂര്‍, ബന്‍സ്ഗാവ് എന്നവിയാണ് ഇവിടുത്തെ പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങള്‍. മുഖ്യമന്ത്രിയാകും മുമ്പ് യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍.

കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുമ്പോള്‍ പിന്നോക്ക-മുന്നോക്ക വിഭാഗങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കി മിഷന്‍ 2022ന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 40 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി തുടങ്ങി. ഒബിസി വിഭാഗത്തില്‍പ്പെട്ട അജയ് കുമാര്‍ ലല്ലുവാണ് പുതിയ യുപിസിസി അധ്യക്ഷന്‍. 20 ശതമാനം ദലിത്, 20 ശതമാനം മുന്നോക്ക വിഭാഗക്കാര്‍, 15 ശതമാനം ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ സംസ്ഥാന കമ്മിറ്റിയിലെ സംവരണം.