ദില്ലി: ദില്ലിയിലെ കാൻസർ സെന്ററിൽ കൊവിഡ് ബാധിതരായ നഴ്സുമാർക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. ഇവരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ നൽകുന്നില്ലെന്നാണ് പരാതി. ദില്ലിയിൽ കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 42 ആയി.

കൊവിഡ് ബാധിതരെ ചികിത്സിച്ചതിനെ തുടർന്ന് രോഗബാധിതരായ ദില്ലി കാൻസർ സെന്ററിലെ 22 നഴ്സുമാർക്കാണ് ദുരവസ്ഥ. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു. തുടർന്ന് ഇവരെ രാജീവ് ഗാന്ധി ആശുപത്രിയിൽ കരുതൽ നീരീക്ഷണത്തിലേക്ക് മാറ്റി. എന്നാൽ ഐസോലേറ്റ് ചെയ്തതല്ലാതെ ചികിത്സ ഒന്നും നൽകിയില്ലെന്നും ഡോക്ടർമാർ ഇതുവരെ പരിശോധനക്ക് എത്തിയില്ലെന്നും നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
ദില്ലിയിൽ ഇതുവരെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചതെന്ന് സർക്കാ‍ർ കണക്കുകൾ പറയുന്നു. പുതിയതായി ആർഎംഎൽ, എൽഎൻജെപി ആശുപത്രികളിലെ നഴ്സുമാ‍ർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാകേതിലെ സ്വകാര്യ ആശുപത്രിയിൽ 150 ജീവനക്കാരെ ഇന്നലെ നിരീക്ഷണത്തിലാക്കിയിരുന്നു. 

രോഗികളെ പരിചരിക്കുമ്പോൾ നടപ്പാക്കേണ്ട പ്രോട്ടോകോൾ പാലിക്കുന്നതിൽ ആദ്യഘട്ടത്തിൽ ആശുപത്രികൾ വരുത്തിയ വീഴ്ച്ചയാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് നഴ്സിംഗ് സംഘടന പ്രവ‍ർത്തകർ പറയുന്നു. 200 ലധികം ആരോഗ്യപ്രവർത്തകർ രാജ്യത്ത് കൊവിഡ് ബാധിതരായെന്ന കണക്കുകൾ പുറത്ത് വന്നിരുന്നു. ഇതിൽ 90 പേരും മുംബൈയിലാണ്.