Asianet News MalayalamAsianet News Malayalam

സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് എഴുതിക്കൊടുത്തതിന് രേഖകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ആന്‍ഡമാന്‍ നിക്കോബാര്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറുടെ മാപ്പപേക്ഷ പ്രദര്‍ശിപ്പിച്ചിട്ടില്ല. അവരുടെ സാംസ്കാരിക വകുപ്പിനും ഇത് സംബന്ധിച്ച് രേഖകളില്ലെന്നും മന്ത്രി വ്യക്തമാക്കി. 

No record of Savarkar''s mercy petitions with Andaman administration: union government
Author
New Delhi, First Published Feb 4, 2020, 5:12 PM IST

ദില്ലി: വി ഡി സവര്‍ക്കര്‍ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് എഴുതിക്കൊടുത്തതിന് രേഖകളിലില്ലെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ്. പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വി ഡി സവര്‍ക്കറുടെ മാപ്പപേക്ഷ സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും സവര്‍ക്കറുടെ മാപ്പപേക്ഷ സംബന്ധിച്ച രേഖകള്‍  കലാസാംസ്കാരിക വകുപ്പിന്‍റെ പക്കലില്ലെന്നും വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേല്‍ പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണ വകുപ്പിലും ഇത് സംബന്ധിച്ച രേഖകള്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ആന്‍ഡമാന്‍ നിക്കോബാര്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറുടെ മാപ്പപേക്ഷ പ്രദര്‍ശിപ്പിച്ചിട്ടില്ല. അവരുടെ സാംസ്കാരിക വകുപ്പിനും ഇത് സംബന്ധിച്ച് രേഖകളില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹിന്ദു സംഘടനാ നേതാവാണ് സവര്‍ക്കറുടെ മാപ്പപേക്ഷ സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാരിനോട് അന്വേഷിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ സൈദ്ധാന്തികനായ വി ഡി സവര്‍ക്കറുടെ മാപ്പപേക്ഷ എക്കാലത്തും വിവാദ വിഷയമായിരുന്നു.

ആറ് തവണ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് എഴുതി നല്‍കിയതിന് ശേഷമാണ് സവര്‍ക്കര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനായതെന്ന് രേഖകള്‍ പുറത്തുവന്നിരുന്നെങ്കിലും സവര്‍ക്കറെ അനുകൂലിക്കുന്ന സംഘ്പരിവാര്‍ സംഘടനകള്‍ അംഗീകരിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് സംഘ്പരിവാര്‍ വിരുദ്ധരും സംഘ്പരിവാര്‍ സംഘടനകളും ഇപ്പോഴും വാദപ്രതിവാദം നടത്താറുണ്ട്. 

1910ലാണ് സവര്‍ക്കര്‍ ബ്രിട്ടനില്‍വെച്ച് അറസ്റ്റിലാകുന്നത്.  ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട് ഫ്രാന്‍സില്‍ അഭയം പ്രാപിക്കാന്‍ ശ്രമിച്ചെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ ബ്രിട്ടന് കൈമാറി. വിചാരണക്ക് ശേഷം അമ്പത് വര്‍ഷത്തെ ഇരട്ട ജീവപര്യന്തമാണ് സവര്‍ക്കര്‍ക്ക് കോടതി വിധിച്ചത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലിലാണ് സവര്‍ക്കറെ പാര്‍പ്പിച്ചത്. പിന്നീട് 1921ല്‍ ജയില്‍ മോചിതനായി. ജയിലില്‍ നിന്ന് മോചിതനാകാനായി ആറ് തവണ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പപേക്ഷ നല്‍കിയെന്ന് വിവിധ രേഖകള്‍ വ്യക്തമാക്കുന്നു.

ജയില്‍ മോചിതനായ ശേഷം 1937വരെ രത്നഗിരിയിലായിരുന്നു ഹിന്ദുമഹാസഭ നേതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഗാന്ധി വധത്തില്‍ പ്രതിയായിരുന്നെങ്കിലും തെളിവില്ലാത്തതിനെ തുടര്‍ന്ന് വിട്ടയച്ചു. 1966ല്‍ 82ാം വയസ്സില്‍ മരിച്ചു.

Follow Us:
Download App:
  • android
  • ios