ദില്ലി: പഴയ യമുന റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം റെയിൽവേ നിർത്തിവച്ചു. യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് നടപടി.

യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്. 

പ്രളയക്കെടുതിയിൽ ഇതുവരെ 85 പേര്‍ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പ്രളയക്കെടുതിയിൽ മരിച്ചവർക്ക് സർക്കാർ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.  ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. 

പഞ്ചാബിലെ 250 ഗ്രാമങ്ങളില്‍ വെള്ളംകയറി. പ്രളയം നേരിടാൻ നൂറു കോടിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ജമ്മു കശ്മീർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളും മഴക്കെടുതിയിലാണ്.