പാറ്റ്ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഉത്തരേന്ത്യയിൽ വ്യാപക നാശനഷ്ടം. അസ്സമിൽ ഏഴ് പേർ മരിച്ചു. സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം പേര്‍ പ്രളയബാധിതരായെന്നാണ് കണക്ക്. ഹിമാചൽപ്രദേശിൽ കെട്ടിടം തകർന്ന് ജവാന്മാരുൾപ്പെടെ 25 പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 

ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതോടെയാണ് അസമില്‍ പ്രളയതീവ്രത രൂക്ഷമായത്. ബ്രഹ്മപുത്രയുടെ തീരത്തുള്ള ആയിരത്തിലേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കേന്ദ്ര - സംസ്ഥാന ദുരന്ത നിവാരണ സേനകളും കരസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമായ കാസിരംഗ ദേശീയ പാർക്കിൻറെ എഴുപത് ശതമാനവും വെള്ളത്തിനടിയിലാണ്. മുന്‍കരുതലെന്ന നിലയില്‍ പാര്‍ക്കിലെ മൃഗങ്ങളെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി. അടുത്ത മൂന്ന് ദിവസം കൂടി അസ്സമിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 

ഹിമാചൽ പ്രദേശിലെ സോളനിലാണ് കനത്ത മഴയില്‍ കെട്ടിടം തകർന്നു വീണത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 25  കുടുങ്ങിക്കിടക്കുന്ന 25 പേരിൽ 15 പേർ ജവാന്മാരാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അസമും ഹിമാചല്‍ പ്രദേശും കൂടാതെ ബീഹാറിലും ബംഗാളിലും ഉത്തരാഖണ്ഡിലും ത്രിപുരയിലും കനത്ത മഴ തുടരുകയാണ്. 

പ്രളയം നാശം വിതച്ച ബംഗാളിലെ ചിലയിടങ്ങളിൽ സർക്കാർ സഹായമെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. ബീഹാറിന്‍റെ അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറം നേപ്പാളില്‍ കനത്ത പ്രളയത്തില്‍ അന്‍പതിലേറെ പേരാണ് മരണപ്പെട്ടത്.