Asianet News MalayalamAsianet News Malayalam

Covid India : പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ, പ്രതിവാര കേസുകളിലും കുറവ്

കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലെ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതൽ മുഴുവൻ ജീവനക്കാരും നേരിട്ട് ഹാജരാകണം. 

number of daily covid patients  in the country has reached less than one lakh
Author
Delhi, First Published Feb 7, 2022, 8:33 AM IST

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ (Covid) എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ഇത് തൊണ്ണൂറായിരത്തിൽ താഴെയെത്തിയതായാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക്. പ്രതിവാര കേസുകളിൽ 45% കുറവ് വന്നിട്ടുണ്ട്. 

ഇന്നലെ രോഗം സ്ഥിരീകരിച്ചത് 83876 പേർക്കാണ്. 895 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ ടിപിആർ 7.25 ശതമാനം ആണ്. കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലെ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതൽ മുഴുവൻ ജീവനക്കാരും നേരിട്ട് ഹാജരാകണം. 

കേരളത്തിൽ രോ​ഗ തീവ്രത കുറഞ്ഞിട്ടും ആശങ്ക മരണ നിരക്കിൽ

കൊവിഡ് മൂന്നാംതരംഗത്തിൽ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 2107 മരണം ആണ്. 2 നവജാത ശിശുക്കളുൾപ്പടെ പത്തു വയസ്സിൽ താഴെയുള്ള 9 കുട്ടികളും മരിച്ചവരിൽപ്പെടുന്നു. സർക്കാർ പുറത്തുവിട്ട കണക്കിന്റെ ഇരട്ടി പ്രതിദിന മരണം രണ്ടാംതരംഗത്തിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു.

മൂന്നാം തരംഗത്തിൻറെ തീവ്രത തീരുകയാണെങ്കിലും മരണക്കണക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിദിനം മരണം 10നും പരമാവധി 30നും ഇടയിലെന്ന തരത്തിലാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ. മുൻ തരംഗങ്ങളേക്കാൾ മരണവും ഗുരുതര രോഗികളുടെ എണ്ണവും കുറവെന്നത് സർക്കാർ നിരന്തരം ആവർത്തിച്ചു. പക്ഷേ ജനുവരി 1ന് ശേഷമുള്ള കണക്കുകൾ മാത്രമെടുത്തുള്ള പരിശോധനയിലാണ് ഇതുവരെ 2107 മരണം മൂന്നാംതരംഗത്തിൽ മാത്രമുണ്ടായെന്ന കണക്ക്. ഫെബ്രുവരി നാലിന് മരണം 225 വരെയെത്തിയിരുന്നു.  24 മണിക്കൂറിൽ നടന്നത് 24ഉം ബാക്കി 197 മുൻ ദിവസങ്ങളിലേത് എന്നും കാട്ടി കണക്ക് രണ്ടായി കാണിച്ചാണ് സർക്കാർ പ്രതിദിന മരണം കുറവെന്ന പ്രതീതിയുണ്ടാക്കിയത്. യഥാർത്ഥത്തിൽ ഇത് രണ്ടാംതരംഗത്തിലെ ഉയർന്ന ഔദ്യോഗിക മരണക്കണക്കിന് ഒപ്പമാണ്. വാക്സിനേഷനും രോഗതീവ്രത കുറവുമെടുത്താൽ, ശരാശരിക്കണക്കിൽ പ്രതിദിനം 57ലധികം മരണം മൂന്നാംതരംഗത്തിൽ സംസ്ഥാനത്തുണ്ടായെന്നത് വലിയ കണക്കാണ്.

എല്ലാംതരംഗവും ചേർത്ത് സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഏറ്റവുമധികം പേർ മരിച്ചത് 227 എന്നാണ് സർക്കാർ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇത് ജൂൺ 6നാണ്. എന്നാൽ പഴയ മരണങ്ങൾ കൂടി ചേർത്ത് ഒറ്റദിവസം 525 മരണം വരെ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്ന് പട്ടികയിൽ വ്യക്തമാണ്. 2021 മെയ് 12നാണിത്. അന്ന് സർക്കാർ പുറത്തുവിട്ട കണക്കാകട്ടെ വെറും 95 മരണം. സുപ്രിം കോടതി വിമർശനത്തെത്തുടർന്ന് പഴയ മരണം കൂട്ടത്തോടെ വേഗത്തിൽ ചേർക്കുന്നത് കാരണം മരണപ്പട്ടിക ഇപ്പോഴും അനുദിനം വലുതാവുകയാണ്. ഫെബ്രുവരി 1ന് മാത്രം പട്ടികയിൽ കയറിയത് 1205 മരണമാണ്.

Follow Us:
Download App:
  • android
  • ios