വന്ദേഭാരത് മിഷനില്‍ അവഗണിച്ചുവെന്ന് ഹര്‍ജിയിലെ വാദം. തിങ്കളാഴ്‍ച ഹര്‍ജി പരിഗണിക്കും. 

ദില്ലി: നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഗര്‍ഭിണികളായ പ്രവാസി നഴ്‍സുമാര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സൗദിയില്‍ നിന്നും കുവൈറ്റില്‍ നിന്നുമുള്ള ഗര്‍ഭിണികളായ 56 നഴ്‍സുമാരാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വന്ദേഭാരത് മിഷനില്‍ അവഗണിച്ചുവെന്ന് ഹര്‍ജിയിലെ വാദം. തിങ്കളാഴ്‍ച ഹര്‍ജി പരിഗണിക്കും. 

അതേസമയം വിസ കാലാവധി തീർന്ന് ഇസ്രായേലില്‍ കുടുങ്ങിയ 82 മലയാളി നഴ്‍സുമാരെ ടെല്‍ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തിക്കും. ടെൽ അവീവിൽ നിന്നും പ്രത്യേക വിമാനം ഉണ്ടാകുമെന്നാണ് കുടുങ്ങിക്കിടക്കുന്നവർക്ക് എയർ ഇന്ത്യ അയച്ച ഈ മെയിൽ പറയുന്നത്. ഈ മാസം 25നായിരിക്കും വിമാനമെന്ന് ഇമെയിലിൽ പറയുന്നു. ഇസ്രായേലിലെ ഇന്ത്യൻ എംബസി കുടുങ്ങിക്കിടക്കുന്നവരുടെ വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്. 

വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ടത്തിൽ തന്നെ വിമാനം ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനായുള്ള ശ്രമത്തിലാണെന്നും കുടുങ്ങികിടക്കുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസിയിലെ ഹെൽപ്പ് ലൈൻ നമ്പർ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥൻ വി കെ ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെയർ സർവീസ് വീസയിൽ നഴ്സിംഗ് ജോലിക്കായി ഇസ്രായേലിലേക്ക് എത്തിയ മലയാളികളാണ് ദുരിതത്തിലായത്. അഞ്ചു വർഷമായി ജോലി ചെയ്യുകയായിരുന്ന നഴ്‍സുമാരുടെ വീസ കാലാവധി മാർച്ചിൽ തീർന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു സമ്പൂർണ്ണ അടച്ചുപൂട്ടൽ. വീസ കഴിഞ്ഞതിനാൽ ഇസ്രായേൽ സർക്കാരിന്‍റെ ഭക്ഷണം, വാടക, ആരോഗ്യ ഇൻഷുറസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കും അർഹതയില്ലാത്തതിനാൽ ഇവർ ബുദ്ധിമുട്ടിലായിരുന്നു.