പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്.

മുംബൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അശ്ലീല വീഡിയോ കോൾ നടത്തിയെന്ന പരാതിയിൽ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. 35 വയസ്സുകാരിയായ അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ അധ്യാപിക കുറച്ചു കാലമായി വിദ്യാർത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഈ ചാറ്റുകൾ വീഡിയോ കോളുകളായി മാറി. കുട്ടിയുടെ അമ്മ വീഡിയോ കോൾ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അധ്യാപികയുടെ പെരുമാറ്റം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. തുടന്ന് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയും പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. വേറെ വിദ്യാർത്ഥികളോട് അധ്യാപിക സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയുടെ ഫോൺ പിടിച്ചെടുത്തു. ടീച്ചറുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

മുംബൈയിലെ മറ്റൊരു സ്കൂളിൽ 40 വയസ്സുകാരിയായ അധ്യാപിക 16 വയസ്സുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. പിന്നാലെയാണ് ഈ സംഭവം. തുടക്കത്തിൽ വിദ്യാർത്ഥി വിമുഖത കാണിക്കുകയും അധ്യാപികയിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. പിന്നീട് ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട അധ്യാപികയുടെ സുഹൃത്ത്, വിദ്യാർത്ഥിയെ സമീപിച്ച് സമ്മർദം ചെലുത്തിയെന്നാണ് റിപ്പോർട്ട്.