സമ്പല്‍പുര്‍ (ഒഡീഷ): പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ലഭിച്ചത് ഒഡീഷയിലെ ട്രക്ക് ഡ്രൈവര്‍ക്ക്. ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലാണ് ട്രക്ക് ഡ്രൈവര്‍ അശോക് ജാദവിന് 86,500 രൂപ പിഴ ലഭിച്ചത്. 

സെപ്തംബര്‍ മൂന്നിനാണ് ഇയാളില്‍ നിന്ന് പിഴ ഈടാക്കിയത്. എന്നാല്‍ ശനിയാഴ്ചയോടെ പിഴയടച്ച ചലാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. അനധികൃതമായി മറ്റൊരു വ്യക്തിയെ വാഹനമോടിക്കാന്‍ അനുവദിച്ചു (5000 രൂപ), ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍(5000), 18 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റല്‍ (56,000),  അമിത ഭാരമുള്ള ലോഡ് കയറ്റല്‍ (20,000) , ജനറല്‍ ഒഫന്‍സ് (500) എന്നിവയാണ് അശോക് ജാദവിനെതിരെ ചുമത്തിയ നിയമലംഘനങ്ങളെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

86,500 രൂപ പിഴ അടയ്ക്കണമെങ്കിലും അധികൃതരുമായി സംസാരിച്ചശേഷം തുക 70,000 ആക്കി കുറയ്ക്കുകയായിരുന്നു. നാഗാലാന്‍റ് ആസ്ഥാനമാക്കിയുള്ള ബിഎല്‍എ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ട്രക്കില്‍ ജെസിബി കയറിയ അശോക് ജാദവ് അങ്കുള്‍ ജില്ലയിലെ തല്‍ചെര്‍ പട്ടണത്തില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് പോകുകയായിരുന്നു. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം ആദ്യത്തെ നാല് ദിവസങ്ങളില്‍ 88 ലക്ഷം രൂപയാണ് പിഴയിനത്തില്‍ സംസ്ഥാനത്ത് നിന്ന് ഈടാക്കിയത്.