പനാജി: കർണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെയാണ് ഗോവയിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുന്നത്. ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് ഇന്ന് വെറും അഞ്ച് അംഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആകെയുള്ള 40 സീറ്റിൽ 17 ഇടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 13 ഇടത്തായിരുന്നു ബിജെപി ജയിച്ചത്. ശേഷിച്ച സീറ്റുകൾ മറ്റ് ചെറുകക്ഷികളും സ്വന്തമാക്കി.

കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കറിനെ മുഖ്യമന്ത്രിയായി രംഗത്തിറക്കിയാണ് ഗോവയിൽ ബിജെപി ഭരണം പിടിക്കാനുള്ള പിന്തുണ നേടിയത്. എന്നാൽ മനോഹർ പരീക്കറിന്റെ മരണത്തിന് പിന്നാലെ വീണ്ടും രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തു. പരീക്കറിന്റെ മരണത്തിന് പിന്നാലെ പ്രമോദ് സാവന്തിനെ ബിജെപി മുഖ്യമന്ത്രിയാക്കി. സഖ്യകക്ഷികളിൽ വെല്ലുവിളി ഉയർത്തിയ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ രണ്ട് എംഎൽഎമാരെ അടർത്തി സ്വന്തം പാർട്ടിയിൽ അംഗത്വം നൽകിയാണ് പ്രമോദ് സാവന്ത് തന്റെ കസേര ഉറപ്പിച്ചത്.

തൊട്ടുപിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മനോഹർ പരീക്കറിന്റെ സീറ്റായിരുന്ന പനാജിയിൽ ബിജെപി തോറ്റു. 25 വർഷമായി ജയിച്ചുവന്ന സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി അതനാസിയോ മൊൻസെറാട്ടെയാണ് ഇത്തവണ ജയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന മന്ദ്രേം, മാപുസ, സിറോദ എന്നീ സീറ്റുകളിൽ ബിജെപിയാണ് ജയിച്ചത്. എന്നാൽ അതനാസിയോ മൊൻസെറാട്ടെയടക്കം 10 കോൺഗ്രസ് എംഎൽഎമാരാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്. 

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കർ, ജെന്നിഫർ മൊൻസെറാട്ടെ, ഫിലിപ്പ് നെറി റോഡ്രിഗസ്, നിൽകാന്ത് ഹൽറൻകർ, ഫ്രാൻസിസ്കോ സിൽവേറ, ക്ലഫാസിയോ ദിയസ്, ഇസിദോർ ഫെർണാണ്ടസ്, വിൽഫ്രഡ് ഡിസൂസ, ടോണി ഫെർണാണ്ടസ് എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റ് കോൺഗ്രസ് എംഎൽഎമാർ. 

മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിൽ നിന്നും രണ്ട് അംഗങ്ങളെ അടർത്തിമാറ്റി ഈ വർഷം മാർച്ചിൽ ബിജെപി തങ്ങളുടെ അംഗബലം 15 ആക്കി മാറ്റിയിരുന്നു. അതിനിടെ പനാജി സീറ്റ് കൈവിടുകയും മറ്റ് മൂന്ന് സീറ്റുകൾ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌തപ്പോൾ ബിജെപിയുടെ അംഗബലം 17 ആയി മാറി. 

പത്ത് കോൺഗ്രസ് എംഎൽഎമാരുടെ വരവോടെ ഗോവയിലെ ബിജെപിയുടെ അംഗബലം ഇപ്പോൾ 27 ആയി. ഇതോടെ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടയതിന്റെ ഇരട്ടിയിലേറെ സീറ്റ് ഇപ്പോൾ ബിജെപിക്ക് ഉണ്ട്. എന്നാൽ കോൺഗ്രസിനാകട്ടെ 2017 ൽ നേടിയതിന്റെ പകുതി സീറ്റ് പോലും കൈവശമില്ല.

സംസ്ഥാനത്ത് 12 മന്ത്രി പദവികളാണ് ഉള്ളത്. ഇതിൽ അഞ്ച് മന്ത്രി പദവികൾ സഖ്യകക്ഷികൾക്കാണ് നൽകിയിരുന്നത്. എന്നാൽ ഇനി ബിജെപിക്ക് സംസ്ഥാനത്ത് സഖ്യകക്ഷികളുടെ ആവശ്യമില്ല. അതിനാൽ തന്നെ ഈ അഞ്ച് മന്ത്രി പദവികളും കോൺഗ്രസിൽ നിന്നെത്തിയ പത്തിൽ അഞ്ച് പേർക്ക് കിട്ടും എന്നാണ് വിവരം.