'ഒരാള്‍ കള്ളൻ, മറ്റേയാള്‍ കൊള്ളക്കാരൻ'; ബിജെപി ബന്ധം ഉപേക്ഷിച്ച അണ്ണാ ഡിഎംകെയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ
എഐഎഡിഎംകെയും ബിജെപിയും ഒരുപക്ഷേ വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. പക്ഷേ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും ഉദയനിധി പറഞ്ഞു.

ചെന്നൈ: ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ. ഒരാള്‍ കള്ളനും മറ്റേയാള്‍ കൊള്ളക്കാരനുമായതിനാൽ രണ്ട് പാർട്ടികളും ഇനിയും ഒരുമിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരിഹാസം. ഡിഎംകെയുടെ യുവജനവിഭാഗം കൃഷ്ണഗിരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഉദയനിധി എഐഎഡിഎംകെയെ പരിഹസിച്ച് രംഗത്തെത്തിയത്.
'എഐഎഡിഎംകെ–ബിജെപി സഖ്യം അവസാനിച്ചെന്നാണു നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങൾ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ ജയിക്കും. നിങ്ങളുടെ പാർട്ടി അണികൾ പോലും ഈ തീരുമാനം വിശ്വസിക്കില്ല'- ഉദയനിധി പറഞ്ഞു. എഐഎഡിഎംകെയും ബിജെപിയും ഒരുപക്ഷേ വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. പക്ഷേ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ചെന്നൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് എഐഎഡിഎംകെ - ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം ഉണ്ടായത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് എഐഎഡിഎംകെയുടെ തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. പ്രവർത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനമെന്ന് പ്രമേയവും പാസാക്കിയിരുന്നു.
പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചതിടെ സംസ്ഥാനത്ത് ത്രികോണ പോരാട്ടം ഉറപ്പായിരിക്കുകയാണ്. 2019ൽ എന്‍ഡിഎ സഖ്യത്തിൽ മത്സരിച്ച പിഎംകെ, തമിഴ് മാനില കോൺഗ്രസ്, വിജയകന്തിന്റെ ഡിഎംഡികെ തുടങ്ങിയ പാർട്ടിക്കളെ ഒപ്പം നിർത്താൻ ബിജെപിയും എഐഎഡിഎംകെയും ഒരുപോലെ ശ്രമം തുടങ്ങിക്കഴിഞ്ഞു.
Read More : രാഷ്ട്രീയകാര്യ സമിതിയിൽ 5 ഒഴിവ്, ആർക്കൊക്കെ നറുക്ക് വീഴും, മുല്ലപ്പള്ളി പുറത്തേക്കോ, കോണ്‍ഗ്രസിൽ ചർച്ച