ദില്ലി: രാജ്യത്തെ പൊതു സ്വകാര്യ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരേ ദിവസം സാലറി നല്‍കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ജീവനക്കാര്‍ കൃത്യസമയത്ത് സാലറി നല്‍കുന്നതിന് വേണ്ടിയാണ് നിര്‍ണായക നീക്കമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‍വാര്‍ പറഞ്ഞു. 

ഇതിനായി നിയമസംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും തൊഴില്‍ മന്ത്രി പറയുന്നു. വിവിധ മേഖലയിലുള്ളവരുടെ അടിസ്ഥാന വേതനം തുല്യമാക്കാനും നീക്കമുണ്ടെന്നും തൊഴില്‍ മന്ത്രി ദില്ലിയില്‍ പറഞ്ഞു. സെൻട്രൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യമേഖലകളില്‍ പല ദിവസങ്ങളില്‍ ശമ്പളം നല്‍കുന്നത് ഒഴിവാക്കാനാണ് നീക്കമെന്നും മന്ത്രി വിശദമാക്കി. 

സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം, ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം, വേതനം എന്നീ മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും തൊഴില്‍ മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ 2019 ജൂലൈ 23 ന് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിർദേശം ഉടൻ നടപ്പാക്കുമെന്നുംഇതിനായി ശമ്പള ദിന നിയമം കൊണ്ടുവരുമെന്നും സന്തോഷ് ഗാങ്‌വർ അറിയിച്ചു.