അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന ഒരു തീവ്രവാദിയെ വധിച്ചു. അവന്തിപൊരയിലെ മീജ് പാന്പോറിൽ കഴിഞ്ഞ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്തെ വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പൊലീസും കരസേനയും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. 

ഇതിനിടെ തീവ്രവാദികൾ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. സേന തിരിച്ചടിച്ചതോടെ തീവ്രവാദികൾ വീടിനടുത്തുള്ള പള്ളിയിലേക്ക് നീങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദിയെ വധിച്ചത്. കൂടുതൽ തീവ്രവാദികളുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷ സേന തെരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്ച്ച ഷോപ്പിയാനിലെ തുർക്ക്വാങ്കിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സേന മൂന്ന് തീവ്രവാദികളെ വധിച്ചിരുന്നു.