മറാത്തി മാത്രമാണ് നിർബന്ധിത ഭാഷ. മൂന്നാം ഭാഷയുടെ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വിട്ടുകൊടുത്തിരിക്കുന്നുവെന്ന് മന്ത്രി.

മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധമല്ലെന്ന് സാംസ്കാരിക മന്ത്രി ആശിഷ് ഷേലാർ. മറാത്തി മാത്രമേ നിർബന്ധമുള്ളൂ. സ്കൂളുകളിൽ മൂന്നാം ഭാഷ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം യുക്തിരഹിതമാണ്. 1 മുതൽ 5 വരെയുള്ള ക്ലാസുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയായി പഠിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

"5 മുതൽ 8 വരെയുള്ള ക്ലാസുകളിൽ ഹിന്ദി നിർബന്ധമായി പഠിപ്പിക്കണമെന്ന നേരത്തെയുള്ള നിർബന്ധന സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. പകരം മറ്റ് നിരവധി ഭാഷകൾക്കൊപ്പം ഹിന്ദി ഒരു ഓപ്ഷണൽ വിഷയമായി പഠിക്കാൻ സൌകര്യമുണ്ട്. അതിനാൽ ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം യാഥാർത്ഥ്യബോധമില്ലാത്തതും യുക്തിരഹിതവുമാണ്"- എന്നാണ് മന്ത്രി പറഞ്ഞത്. മറാത്തി ഭാഷയെയും വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെയും പിന്തുണയ്ക്കുന്നവരാണ് തങ്ങളെന്ന് ബിജെപിയുടെ മുംബൈ പ്രസിഡന്‍റ് കൂടിയായ ഷേലാർ പറഞ്ഞു.

മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ മൂന്നാം ഭാഷയായി ഹിന്ദി 'ജനറലായി' പഠിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഭേദഗതി ചെയ്ത ഉത്തരവിൽ പറയുന്നു. ഹിന്ദി നിർബന്ധമല്ലെന്നും എന്നാൽ ഹിന്ദിയല്ലാതെയുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കുന്നതിന് ഓരോ ക്ലാസിലും കുറഞ്ഞത് 20 വിദ്യാർത്ഥികൾ തയ്യാറാവണമെന്നും ഉത്തരവിൽ പറയുന്നു.

ഇതോടെയാണ് ഹിന്ദി നിർബന്ധമാക്കി അടിച്ചേൽപ്പിക്കുന്നു എന്ന തരത്തിൽ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്നുവന്നത്. മഹാരാഷ്ട്രയിൽ മറാത്തി മാത്രമേ നിർബന്ധിമാക്കിയിട്ടുള്ളൂവെന്നും മറ്റൊരു ഭാഷയും അടിച്ചേൽപ്പിച്ചിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

മൂന്നാം ഭാഷയായി വിദ്യാർത്ഥികൾക്ക് 15 ഭാഷകളിൽ ഏതെങ്കിലും ഒന്ന് പഠിക്കാമെന്നും ഹിന്ദി അവയിൽ ഒന്ന് മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയ പ്രകാരം മൂന്നാം ഭാഷയായി ഏതെങ്കിലും ഒരു ഭാഷ നിർബന്ധമായി പഠിപ്പിക്കണമെന്ന് പറയുന്നില്ലെന്ന് മന്ത്രി വിശദീകരിച്ചു.