ദില്ലി: പാകിസ്ഥാന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ് എന്ന പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി, സംസ്ഥാന പൊലീസ് സേനകള്‍, നേവി ഇന്‍റലിജന്‍സ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ കുടുങ്ങിയത്. നാവിക സേന അംഗങ്ങള്‍ക്ക് ഒപ്പം അറസ്റ്റിലായത് ഹവാല പണമിടപാട് ഏജന്‍റാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു മാസം മുന്‍പാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്ന വിവരം എന്‍ഐഎയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനായാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഓപ്പറേഷന് ഡോള്‍ഫിന്‍ നോസ് എന്ന പേര് നല്‍കിയത്.

Read Also ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ എൻ ഐ എ റെയ്ഡ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

അറസ്റ്റിലായ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. എങ്കിലും നേവിയിലെ താഴ്ന്ന ഗ്രേഡ് ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. നാവിക സേനയുടെ കപ്പല്‍ വിന്യാസം അടക്കം സുപ്രധാന വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ താഴ്ന്ന ഗ്രേഡ് ഓഫീസര്‍മാര്‍ ആയതിനാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് നാവിക സേന വൃത്തങ്ങള്‍ പറയുന്നത്.

ഇവര്‍ കൈമാറിയ വിവരങ്ങള്‍ എന്താണെന്ന് വിശദമായ ചോദ്യം ചെയ്യലിലെ വ്യക്തമാകൂ. ഇവര്‍ക്ക് മറ്റ് ചില ഉദ്യോഗസ്ഥരുടെയും, സര്‍ക്കാര്‍ തലത്തിലെ ഉദ്യോഗസ്ഥരുടെയും സഹായം കിട്ടിയോ എന്ന രീതിയിലും അന്വേഷണം പുരോഗമിക്കുന്നു. ഇതേ സമയം തന്നെ പിടിയിലായവരെ ജനുവരി 3വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.