ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായി അവസാന വിമാനം ഇന്ന് പുലർച്ചെ എത്തിച്ചേർന്നു. ഇതോടെ ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണം 2858 ആയി.
ദില്ലി: ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനം ഇന്ന് പുലർച്ചെയെത്തി. ഇതോടെ ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഒഴിപ്പിക്കൽ താൽക്കാലികമായി മരവിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ദില്ലിയിൽനിന്ന് പശ്ചിമേഷ്യയിലേക്കുള്ള വ്യോമ ഗതാഗതവും സാധാരണ നിലയിലേക്ക് എത്തുകയാണ്.
ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ് റിപ്പോർട്ട്. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തി. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനിൽ വൻ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖംനഇയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി.
ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാനുമായി കൂടുതൽ ചർച്ചയ്ക്ക് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ആണവോർജ്ജ സമിതി. വ്യോമപാത അടച്ചതിനെ തുടർന്ന് നിർത്തിയ സർവ്വീസുകൾ പുനസ്ഥാപിച്ച് തുടങ്ങിയെങ്കിലും അപ്രതീക്ഷിത തടസ്സങ്ങൾ 2 ദിവസത്തേക്ക് കൂടി തുടരുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
