കശ്മീരില്‍ ഏറ്റുമുട്ടലിനിടെ മോദിക്ക് സ്വീകരണം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
ഭീകരവാദം അവസാനിച്ചുവെന്ന് അവകാശപ്പെടുന്ന സർക്കാര്‍ മറുപടി പറയണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.

ദില്ലി: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി സ്വീകരണം ഒരുക്കിയതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. ഭീകരവാദം അവസാനിച്ചുവെന്ന് അവകാശപ്പെടുന്ന സർക്കാര്‍ മറുപടി പറയണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. അതേസമയം, 3 സുരക്ഷസേന ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച അനന്തനാഗില്‍ ഇന്നും ഏറ്റുമുട്ടലുണ്ടായി.
ഒരു കേണലും മേജറും ജമ്മുകശ്മീര്‍ പൊലീസിലെ ഡിഎസ്പിയുമാണ് ഇന്നലെ അനന്തനാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. വിവരം പുറത്ത് വന്നതിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി സ്വീകരണം ഒരുക്കിയതിനെയാണ് കോണ്‍ഗ്രസും തൃണമൂലും ചോദ്യം ചെയ്തത്. വീരമൃത്യു വരിച്ച സൈനികന്‍റെ വസതിയിലെ ദൃശ്യങ്ങളും ബിജെപി ഓഫീസിലെ തെരഞ്ഞെടുപ്പ് യോഗത്തിന് മുന്നോടിയായി മോദിക്ക് നല്‍കിയ സ്വീകരണ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസ് വിമർശനം. മോദിയുടെ പ്രചാരണം ഒരു ദിവസത്തേക്ക് മാറ്റി വെക്കാമായിരുന്നില്ലെയെന്നും ദുരന്തം സമയത്ത് തന്നെ ആഘോഷം സംഘടിപ്പിക്കണമായിരുന്നുവെന്നും ടിഎംസി എം പി സാകേത് ഗോകലെ ചോദിച്ചു. ചർച്ചയിലൂടെ സമാധാനം സ്ഥാപിക്കാതെ ഭീകരവാദം അവസാനിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞു.
പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി വി കെ സിങും ആവശ്യപ്പെട്ടു. ഒറ്റപ്പെടുത്തിയില്ലെങ്കില്‍ ഇതൊരു സാധാരണ കാര്യം മാത്രമെന്ന് പാകിസ്ഥാൻ വിചാരിക്കുമെന്നും വികെ സിങ് പറഞ്ഞു. ഏറ്റുമുട്ടല്‍ നടക്കുന്ന അനന്തനാഗില്‍ ഭീകരർക്കായി വലിയ തെരച്ചില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആക്രമണം നടന്ന രജൗരിയിലും തെരച്ചില്‍ പുരോഗമിക്കുകയാണ്. ആക്രമണം നടത്തുന്നത് ലഷ്കർ ഇ തൊയ്ബയുടെ നിഴൽ സംഘം ആയ ടിആർഎഫ് ആണെന്നാണ് അനുമാനം