ദില്ലി: മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിന്‍റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്തിയ നടപടിക്കെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. അനാവശ്യമായ സിബിഐ റെയ്ഡുകള്‍ അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. സമ്മര്‍ദം ചെലുത്തി ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 20ഓളം എംപിമാരാണ് കത്തില്‍ ഒപ്പിട്ടത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സിബിഐ നടപടിക്കെതിരെ രംഗത്തെത്തി. 

വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിലാണ് ഇന്ദിര ജെയ്സിംഗിന്‍റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത്. കേസില്‍ ഇന്ദിര ജെയ്സിംഗിന്‍റെ ഭര്‍ത്താവും അഭിഭാഷകനുമായ ആനന്ദ് ഗ്രോവര്‍ പ്രതിയാണ്. 

വര്‍ഷങ്ങളായി മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ദിര ജെയ്സിംഗ് പ്രതികരിച്ചു. 
ദില്ലിയിലെ നിസാമുദ്ദീനിലുള്ള വീട്ടിലും ഓഫിസിലുമാണ് വ്യാഴാഴ്ച വൈകുന്നേരം സിബിഐ റെയ്ഡ് നടത്തിയത്. ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്സിംഗും നേതൃത്വം നല്‍കുന്ന ലോയേഴ്സ് കളക്ടീവ് എന്ന എന്‍ജിഒക്ക് ലഭിച്ച വിദേശ സഹായം വകമാറ്റി ചെലവാക്കിയെന്നാരോപിച്ച് സിബിഐ നേരത്തെ കേസെടുത്തിരുന്നു.

സിബിഐ എഫ്ഐആറില്‍ ഇന്ദിര ജെയ്സിംഗിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ദിരക്കും പങ്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിലപാട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലിരിക്കുമ്പോള്‍ കളക്ടീവ് ലോയേഴ്സില്‍നിന്ന് 96.60 ലക്ഷം രൂപ ഇന്ദിര ജെയ്സിംഗ് കൈപ്പറ്റിയെന്ന് സിബിഐ ആരോപിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗവണ്‍മെന്‍റ് സേവനമല്ലെന്നും വിദേശ ഫണ്ട് വാങ്ങുന്നതില്‍ തന്നെ വിലക്കിയിട്ടില്ലെന്നും ഇന്ദിര ജെയ്സിംഗ് വ്യക്തമാക്കി. 
വിദേശ ഫണ്ട് ഉപയോഗിച്ച് വിമാന യാത്ര നടത്തിയെന്നും സര്‍ക്കാറിനെതിരെ സമരം സംഘടിപ്പിച്ചെന്നും ആരോപിച്ചാണ് കേസ്.