തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്ത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് മമത ബാനർജി ആരോപിച്ചപ്പോൾ, ഇത് ജനരോഷമാണെന്ന് ബിജെപി പ്രതികരിച്ചു. മല്ലികാർജുൻ ഖർഗെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കൾ സംഭവത്തെ ശക്തമായി അപലപിച്ചു

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം പിയുമായ അഭിഷേക് ബാനർജിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൗത്ത് 24 പർഗാനസിലെ സോനാർപൂരിലെ സന്ദർശനത്തിനിടെ ഒരുകൂട്ടം ആളുകൾ അഭിഷേകിന് നേരെ ചീമുട്ടയെറിഞ്ഞും ഷർട്ട് വലിച്ചുകീറിയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹെൽമെറ്റ് ധരിപ്പിച്ച് ബൈക്കിൽ കയറ്റി എം പിയെ സ്ഥലത്തുനിന്നും മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ആളുകൾ തടഞ്ഞുനിർത്തി മർദ്ദിച്ചു. പരിക്കേറ്റ അഭിഷേകിനെ കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയടക്കം നേതാക്കൾ ആശുപത്രിയിലെത്തി അഭിഷേകിനെ സന്ദർശിച്ച ശേഷം ബി ജെ പിക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. ബം​ഗാളിൽ ഭരണാധികാരികൾ കൊലപാതകികളായിമാറിയെന്നാണ് മമത പറഞ്ഞത്. ആക്രമണത്തിന് പിന്നിൽ ബി ജെ പിയെന്നാണ് ടി എം സിയുടെ പരാതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

അഭിഷേകിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ, കേന്ദ്രസർക്കാറും ബം​ഗാൾ സർക്കാറും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി നിരവധി നേതാക്കൾ ആക്രമണത്തെ അപലപിച്ചു. അതേസമയം ജനങ്ങളുടെ രോഷമാണ് കണ്ടതെന്നാണ് ബി ജെ പിയുടെ പ്രതികരണം. അഭിഷേകിനെതിരായ ആക്രമണത്തെ ബി ജെ പി നേതാക്കളാരും അപലപിക്കുകയും ചെയ്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player