ദില്ലി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവന പാകിസ്ഥാനെ ആഹ്ളാദിപ്പിക്കുന്നതാണ്. ജവാൻമാർക്കെതിരായ ആക്രമണം ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പാകിസ്ഥാനി മാധ്യമങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ ഈ ആരോപണം ആയുധമാക്കുകയാണെന്നും  പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.

പാകിസ്ഥാനി മാധ്യമങ്ങൾ ഇന്ത്യയിലെ പ്രതിപക്ഷത്തിൻറെ പ്രസ്താവന റിപ്പോർട്ട് ചെയ്യുന്നത് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു പ്രകാശ് ജാവദേക്കറിന്‍റെ വിമർശനം.ജവാൻമാരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചും വിഷയം ബിജെപി രാഷ്ട്രീയ വൽക്കരിക്കുന്നതിനെ കുറ്റപ്പെടുത്തിയുമാണ് കോണ്‍ഗ്രസ് അടക്കമുള്ള 21 പാര്‍ട്ടികൾ സംയുക്ത പ്രസ്താവന ഇറക്കിയത്. യുദ്ധസമാന സാഹചര്യത്തിൽ സർവ്വ കക്ഷിയോഗം വിളിക്കാതിരുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയും പ്രതിപക്ഷ കൂട്ടായ്മ കുറ്റപ്പെടുത്തിയിരുന്നു.